Crime
ഷാരൂഖ് സെയ്‌ഫി യെ പിടികൂടിയത് രത്‌നഗിരിയിലെ ആശുപത്രിയിൽ നിന്ന് . മുഖത്ത് പൊള്ളലേറ്റ പാട്

കോഴിക്കോട്: ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷാരൂഖ് സെയ്‌ഫി യെ മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയിൽ നിന്നാണ് പിടികൂടിയതെന്നാണ് വിവരം. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മുഖത്ത് ഉൾപ്പെടെ പൊള്ളലേറ്റ പാടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു.
ഞായറാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് എലത്തൂർ വച്ചാണ് ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികർക്ക് നേരെ തീ കൊളുത്തിയത്. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർക്ക് പൊള്ളലേറ്റിരുന്നു. പരിക്കേറ്റവരെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പിന്നീട് തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകൾ സഹറ എന്നിവരാണ് മരിച്ചത്.ട്രെയിനിന് തീയിട്ടതിനുശേഷം പ്രതി ഇറങ്ങിയോടുകയായിരുന്നുവെന്നാണ് വിവരം. ഇയാൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന ബാഗിൽ നിന്ന് ഫോണും ചില കുറിപ്പുകളും കണ്ടെടുത്തു. മാർച്ച് 30നാണ് ഫോൺ അവസാനമായി ഉപയോഗിച്ചിരിക്കുന്നത്. പുകയില ഉപയോഗം കുറയ്ക്കണം, പണം കുറച്ച് ചെലവാക്കണം, ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ, വിവിധ സ്ഥലപ്പേരുകൾ തുടങ്ങി പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ കുറിച്ചിരുന്നത്. ഇംഗ്ലീഷിൽ ‘എസ്’ എന്ന് പല ആകൃതിയിൽ എഴുതിയിട്ടുണ്ട്. നോട്ട്ബുക്കിന്റെ പല ഭാഗങ്ങളിലായി ചില പേരുകളും എഴുതിയിട്ടുണ്ട്. നോയിഡ എന്ന് എഴുതിയ ഒരു പേജും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാൾ ഉത്തർപ്രദേശ് നോയിഡ സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.