Connect with us

Crime

ഗുസ്തി താരങ്ങളുടെ സമരപ്പന്തലിനു ചുറ്റും സുരക്ഷ ശക്തമാക്കി പൊലീസ്

Published

on

ന്യൂഡൽഹി: ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ സമരപ്പന്തലിനു ചുറ്റും സുരക്ഷ ശക്തമാക്കി പൊലീസ്. ബുധനാഴ്ച രാത്രി പൊലീസും ഗുസ്തി താരങ്ങളും തമ്മിലുണ്ടായ സംഘർഷം ശക്തമായ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജന്തർ മന്തറിൽ വലിയ ആൾക്കൂട്ടം രൂപപ്പെടാനുള്ള സാധ്യത മുൻനിർത്തിയാണ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്.

പല പാളികളിലായി നിരവധി ബാരിക്കേഡുകളാണ് പൊലീസ് സമരപ്പന്തലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്നത്. സമരപ്പന്തലിലേക്കുള്ള പ്രവേശനത്തെയും നിയന്ത്രിച്ചിട്ടുണ്ട്. കർഷകനേതാക്കളും കർഷകരും സമരപ്പന്തലിൽ എത്തണമെന്ന ഗുസ്തിതാരങ്ങൾ ആവശ്യപ്പെട്ടതും പൊലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആൾക്കൂട്ടം രൂപപ്പെടാതിരിക്കാനായി നഗരാതിർത്തിയിൽ വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്.

പൊലീസുമായുണ്ടായ സംഘർഷത്തിൽ സമരത്തിൽ പങ്കെടുത്ത രണ്ടു ഗുസ്തി താരങ്ങൾക്ക് പരുക്കേറ്റിരുന്നു. സമരപ്പന്തലിലേക്ക് കട്ടിലുകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും സമരാനുകൂലികളും തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസുകാരൻ മദ്യലഹരിയിൽ സ്ത്രീകൾ അടക്കമുള്ള താരങ്ങളെ ആക്രമിച്ചുവെന്നും മറ്റു പൊലീസുകാർ അതു കണ്ടു നിന്നുവെന്നുമാണ് സമരക്കാരുടെ ആരോപണം. എന്നാൽ ഡൽഹി പൊലീസ് ഈ ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്. രാഹുൽ യാദവ്, ദുഷ്യന്ത് ഫോഗട്ട് എന്നിവർക്കാണ് പരുക്കേറ്റത്.

കഴിഞ്ഞ ഏപ്രിൽ 23 മുതൽ ജന്തർ മന്തറിൽ ആരംഭിച്ച സമരം പന്ത്രണ്ടു ദിവസങ്ങൾ പിന്നിടുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം ഏഴു വനിതാ താരങ്ങൾ ഗുസ്തി ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ നൽകിയ പരാതിയിൽ നടപടി ആവശ്യപ്പെട്ടാണ് സമരം. പരാതിയിൽ എഫ്ഐആർ രജിസ്ട്രൽ ചെയ്തെങ്കിലും പൊലീസ് മറ്റു നടപടികൾ സ്വീകരിക്കാൻ ഇനിയും തയാറായിട്ടില്ല.

ഈ രീതിയിലാണ് പെരുമാറുന്നതെങ്കിൽ രാജ്യത്തിനു വേണ്ടി നൽകിയ മെഡലുകൾ തിരിച്ചു നൽകണമോയെന്ന് ഗുസ്തി താരം ബജ്‌രംഗ് പൂനിയ ചോദിച്ചു. നീതി ലഭിക്കുന്നതിനായി തങ്ങൾക്കു ലഭിച്ച എല്ലാ മെഡലുകളും പുരസ്കാരങ്ങളും തിരിച്ചു നൽകാൻ തയാറാണെന്നും പൂനിയ വ്യക്തമാക്കി.

Continue Reading