Crime
ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് പോലീസുകാരൻ മരിച്ചു

കോട്ടയം: നൈറ്റ് പട്രോളിംഗിനിടെ അപകടത്തിൽപ്പെട്ട പൊലീസുകാരൻ മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷൻ എ എസ് ഐ ജോബി ജോർജാണ് (52) മരിച്ചത്. പൊൻകുന്നം ചിറക്കടവ് സ്വദേശിയാണ്. ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെയായിരുന്നു അപകടം.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോബി ജോർജും ഡ്രൈവർ ഡ്യൂട്ടിയിലുണ്ടായിരുന്ന സി പി ഒ വിനീത് രാജുവുമാണ് നൈറ്റ് പട്രോളിംഗിനുണ്ടായിരുന്നത്. രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ആനത്താറ എന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ ചീട്ടുകളിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചിരുന്നു.തുടർന്ന് ജോബി ജോർജും വിനീതും ഈ കെട്ടിടത്തിലെത്തി. രണ്ടാം നിലയിലായിരുന്നു ചീട്ടുകളിക്കാർ ഇരുന്നിരുന്നത്. ഇവരുടെ മുറിയിലെത്തി തട്ടിവിളിച്ചിട്ടും തുറന്നില്ല. തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇവർ ചെവികൊണ്ടില്ല. പിന്നാലെ ജോബി ജോർജ് കൊലുകൊണ്ട് ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ വാതിലിൽ ചവിട്ടിയതിന്റെ സമ്മർദത്തിൽ പിന്നോട്ടുവീണ് പരിക്കേൽക്കുകയായിരുന്നു.തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.