Crime
നാഗർകോവിലിൽ നിന്ന് തട്ടിക്കൊണ്ടു വന്ന നാല് മാസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരത്ത് കണ്ടെത്തി രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന രണ്ട് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ. ശാന്തി, നാരായണൻ എന്നിവരാണ് പിടിലായത്. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഇവർ കടത്തികൊണ്ടുവന്നത്. കുട്ടിയെ തട്ടിക്കൊണ്ടുവന്നത് ഭിക്ഷാടനത്തിനാണെന്നാണ് പൊലീസ് സംശയിക്കുന്നു.
റെയിൽവേ സ്റ്റേഷനിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ കുഞ്ഞിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രതികൾ തട്ടിയെടുത്തത്. തമിഴ്‌നാട് നാഗർകോവിൽ വടശേരി പൊലീസിന്റെ പരിധിയിലാണ് കുഞ്ഞിനെ കാണാതായത്. തമിഴ്‌നാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പ്രതികൾ ഏറനാട് ട്രെയിൽ കയറിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇത് കേരള പൊലീസിനെ അറിയിക്കുകയും ഒപ്പം പ്രതികളുടെ ദൃശ്യങ്ങൾ കെെമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസും അന്വേഷണം നടത്തിയത്. .ഭിക്ഷാടനത്തിന് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് മനസിലാക്കിയ തമിഴ്‌നാട് പൊലീസ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വച്ച് സംശയം തോന്നിയ കുഞ്ഞിനെ പരിശോധിച്ചത്. പരിശോധനയിൽ തട്ടിക്കൊണ്ട് വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കേരള പൊലീസ് ഇവരുടെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസിന് കെെമാറി. ഇതുകണ്ട് തമിഴ്‌നാട് പൊലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. ചിറയിൻകീഴ് പൊലീസാണ് ശാന്തിയെയും നാരായണനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുട്ടിയെ തങ്ങൾ വളർത്താൻ കൊണ്ടുവന്നതെന്നാണ് ഇവർ പറഞ്ഞത്. പ്രതികളെ തമിഴ്‌നാട് പൊലീസിന് കെെമാറി.