Crime
പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായ കാരാ പറമ്പിലെ ഗ്രീന്‍വാലി അക്കാദമിയുടെ വസ്തുവകകൾ എൻ.ഐ.എ. കണ്ടുകെട്ടി

മലപ്പുറം: മഞ്ചേരി കാരാപറമ്പിൽ പ്രവർത്തിച്ചിരുന്ന ഗ്രീൻവാലി അക്കാദമിയുടെ വസ്തുവകകൾ എൻ.ഐ.എ. കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമാണ് ഗ്രീന്‍വാലിയെന്ന് എന്‍.ഐ.എ അറിയിച്ചു. കൊലപാതക്കേസ് പ്രതികള്‍ക്ക് ഇവിടെ അഭയം നല്‍കിയിരുന്നുവെന്നും എന്‍.ഐ.എ പറഞ്ഞു.കൊച്ചി യൂണിറ്റിൽനിന്നുള്ള ചീഫ് ഇൻസ്‌പെക്ടർ ഉമേഷ് റായിയുടെ നേതൃത്വത്തിലാണ് നടപടി.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ സ്ഥാപനത്തിലെത്തിയ എൻ.ഐ.എ. സംഘം വസ്തുവകകൾ പിടിച്ചെടുക്കുന്നതിനുള്ള നോട്ടീസ് പതിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനത്തെത്തുടർന്ന് സ്ഥാപനത്തിൽ എൻ.ഐ.എ. സംഘം പരിശോധന നടത്തിയിരുന്നു. അക്കാദമിയിലെ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽനിന്ന് ഏതാനും പുസ്തകങ്ങളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.