HEALTH
നിപ പ്രാഥമികപരിശോധനയ്ക്കായി മൊബൈല്‍ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി.

നിപ പ്രാഥമികപരിശോധനയ്ക്കായി മൊബൈല്‍ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി.
കോഴിക്കോട്: നിപ സംശയിക്കുന്നവരുടെ സാംപിള്‍ പ്രാഥമികപരിശോധനയ്ക്കായി ഐ.സി.എം.ആര്‍ മൊബൈല്‍ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി. മെഡിക്കല്‍ കോളേജ് പരിസരത്തായിരിക്കും ലാബ് പ്രവര്‍ത്തിക്കുക.
ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിപ പരിശോധനകള്‍ കോഴിക്കോട്ട് നടത്താനാകും. രണ്ട് ആഴ്ച ലാബിന്റെ സേവനം ജില്ലയില്‍ ലഭ്യമാകും. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ
സാമ്പിളുകളായിരിക്കും ഇവിടെ പരിശോധിക്കുക. മറ്റ് സാമ്പിളുകള്‍ മെഡിക്കല്‍ കോളേജിലെ വൈറല്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബില്‍ തന്നെ പരിശോധിക്കും.
ഇതിനിടെ, ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി. ഡോ. ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്.
സംഘം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും.
ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. പകര്‍ച്ചവ്യാധി വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.