HEALTH
കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു.ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി ഉയർന്നു

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള മുപ്പത്തിയൊൻപതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി ഉയർന്നു.
സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി
നിപ സ്ഥിരീകരിച്ച് വെന്റിലേറ്ററിൽ കഴിയുന്ന ഒമ്പതുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുപത്തിനാലുകാരനായ ആരോഗ്യ പ്രവർത്തകന്റെയും മരണപ്പെട്ട മുഹമ്മദിന്റെ ഭാര്യാ സഹോദരന്റെയും (25) നില തൃപ്തികരമാണ്. ചികിത്സയ്ക്കുള്ള മോണോക്ലോണൽ ആന്റിബോഡി എത്തിച്ചിട്ടുണ്ട്.
പതിനൊന്ന് ആരോഗ്യ പ്രവർത്തകരുടെ സ്രവ സാമ്പിളുകൾ ഇന്നലെ പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. പതിനൊന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. 950 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകരും ഇതിൽപ്പെടും.അതേസമയം, നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് ഇന്ന് ഉന്നതതലയോഗം ചേരും. യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും. രാവിലെ പത്തിനാണ് യോഗം.പതിനൊന്ന് മണിക്ക് മന്ത്രി റിയാസ് പ്രശ്‌നബാധിത പ്രദേശങ്ങളിലെ പ്രതിനിധികളുമായി അവലോകന യോഗം ചേരും.