Crime
പരാമർശം പിൻവലിച്ചു സജി ചെറിയാൻ.കേക്കിന്‍റേയും വീഞ്ഞിന്‍റേയും കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആ ഭാഗങ്ങൾ പിൻവലിക്കുന്നു
കൊച്ചി: ബിഷപ്പുമാർക്കെതിരായ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ബിഷപ്പുമാർക്കെതിരായ ‘വീഞ്ഞും കേക്കും’ പരാമർശം പിൻവലിച്ചതായി മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മണിപ്പൂർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി തന്നെ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പരാമർശിക്കപ്പെട്ട ഭാഗത്ത് കേക്കിന്‍റേയും വീഞ്ഞിന്‍റേയും കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആ ഭാഗങ്ങൾ പിൻവലിക്കുന്നു. എന്നാൽ മണിപ്പൂർ പരാമർശം പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾത്ത് നേരിടേണ്ടി വരുന്ന ആക്രമണങ്ങളുടെ കണക്ക് വിവരിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ യുടെ വിശദീകരണം.
ക്രിസ്ത്യൻ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 700 ഓളം വർഗീയ ആക്രമണങ്ങളാണ് രാജ്യത്താകാമാനം ക്രൈസ്തവർക്ക് നേരെ ഉണ്ടായത്. ഇതിൽ 287 എണ്ണം ഉത്തർ പ്രദേശിലാണ്, 148 എണ്ണം ഛത്തീസ്ഗഢിലും 49 എണ്ണം ഝാർഖണ്ഡിലും 47 എണ്ണം ഹരിയാനയിലുമാണെന്നും കണക്കുകൾ വിശദീകരിക്കുന്നു. 2014 ൽ ഇത് 140 ആയിരുന്നെന്നും ബിജെപി ഭരിച്ച 9 വർഷം കൊണ്ട് ഇത് ഇരട്ടിയായി. അന്താരാഷ്ട്രതലത്തിൽ വന്നിട്ടുള്ള റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിഭാഗത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് പതിനൊന്നാം സ്ഥാനത്താണ്.
