Connect with us

Crime

ആർഷോയെ പോലെ ഓമനിക്കും എന്നു വിചാരിച്ചല്ല ഞങ്ങൾ ആരും സമരത്തിനിറങ്ങുന്നത്.14 ജില്ലകളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടാകും

Published

on

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ വീട്ടിൽ ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 14 ജില്ലകളിലും ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധമുണ്ടാകും. അറസ്റ്റ് അനിവാര്യമെങ്കിലും അതു വരിക്കാൻ തയാറായിരുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിൽ അതു ചെയ്യുമായിരുന്നു. യൂത്ത് കോൺഗ്രസ് സമരങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതെന്നും ഷാഫി കൂട്ടിച്ചേർത്തു.

‘‘എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആർഷോയെ പോലെ ഓമനിക്കും എന്നു വിചാരിച്ചല്ല ഞങ്ങൾ ആരും സമരത്തിനിറങ്ങുന്നത്. പക്ഷേ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ പുലർച്ചെ ആറു മണിക്ക് വീടു വളഞ്ഞ്, പൊലീസ് ചുറ്റിനുംനിന്ന്, വീട്ടുകാരെ ഭയപ്പെടുത്തി ഉള്ളിലേക്ക് തള്ളിക്കയറിയുള്ള നാടകമൊന്നും ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. ഒരു സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് അനിവാര്യമെങ്കിൽ അതു വരിക്കാൻ തയാറുള്ളവർ തന്നെയാണ് യൂത്ത് കോൺഗ്രസുകാർ. ഇതു സമരമാണല്ലോ, തീവ്രവാദ കേസ് ഒന്നുമല്ലല്ലോ, പൊലീസ് ഒരു മര്യാദ കാണിക്കേണ്ടേ.യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ വീട്ടിൽചെന്ന് ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ല. ജനാധിപത്യ പ്രതിഷേധങ്ങളുണ്ടാകും. 14 ജില്ലകളിലെയും യൂത്ത് കോൺഗ്രസ് ആസ്ഥാനങ്ങളിൽ പ്രതിഷേധമുണ്ടാകും. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെങ്കിലും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിൽ അതു ചെയ്യുമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രസി‍ഡന്റ് ഒളിച്ചു നടക്കുന്ന ആളാണോ? ഇതു യൂത്ത് കോൺഗ്രസ് സമരങ്ങളോടുള്ള പ്രതികരണമാണ്. ‘നവ ഗുണ്ട സദസി’നെതിരെ നടത്തിയ പ്രതിഷേങ്ങളിലെ അസഹിഷ്ണുത മുഖ്യമന്ത്രിക്ക് ഇതുവരെ മാറിയിട്ടില്ലെന്നും ഷാഫി പറഞ്ഞു.

വീടിന്റെ നാലു വശവും വളഞ്ഞാണ് രാഹുലിന്റെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അമ്മ പറഞ്ഞു. രാഹുൽ ഭീകരവാദിയാണെന്നപോലെയായിരുന്നു ഇവരുടെ രീതി. വീടു വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുൽ ഇതുവരെ ചെയ്തിട്ടില്ല. പൊലീസിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് രാഹുൽ തിരിച്ചെത്തിയശേഷം തീരുമാനിക്കുമെന്നും അമ്മ പറഞ്ഞു
‘‘രാവിലെ അഞ്ചരയ്ക്കു ശേഷമാണ് പൊലീസ് എത്തിയത്. വീട്ടിന്റെ നാലുവശത്തും ജനലിലും കതകിലും എല്ലാം കൊട്ടുന്നുണ്ട്. ആരാണെന്ന് ശ്രദ്ധിക്കുന്നില്ല. റബ്ബർ വെട്ടുന്ന പയ്യനാണെന്നാണ് ആദ്യ വിചാരിച്ചത്. അവൻ അങ്ങനെ ചെയ്യാറില്ല. ആറു മണി കഴിഞ്ഞ കതക് തുറക്കുമ്പോൾ ഒരു സംഘം പൊലീസുകാർ വീട്ടു മുറ്റത്തുണ്ട്. യൂണിഫോമിലും സിവിൽ ഡ്രസിലും ഉള്ളവരും എല്ലാമുണ്ട്. കതക് തുറന്നപ്പോൾ ഒരു വനിതാ പൊലീസ് ഉൾപ്പെടെ കുറച്ചുപേർ അകത്തു കയറി. എന്താ കാര്യം എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നാണ് പറഞ്ഞത്. രാഹുൽ ഉണ്ടോന്ന് അവർ ചോദിച്ചപ്പോൾ മുകളിലെ മുറിയിലാണെന്ന് പറഞ്ഞു. കാര്യം ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല.

മുകളിൽ കയറി ചെന്നപ്പോൾ രാഹുലിന്റെ മുറിയുടെ വാതിലിൽ മുട്ടുകയാണ്. രാത്രി ഒരു മണി വരെ അവൻ വായിച്ചൊക്കെ ഇരിക്കുകയായിരുന്നു. ഒൻപതു മണിക്കുശേഷമാണ് കൊല്ലത്തുനിന്ന് എത്തിയത്. രാഹുൽ ഭീകരവാദിയാണെന്ന പോലെയായിരുന്നു ഇവരുടെ രീതി. ഉള്ളിലൊരു വെപ്രാളം തോന്നിയെങ്കിലും പിന്നീട് ധൈര്യം വന്നു. കാരണം രാഹുൽ ആരെയും കൊന്നിട്ടോ ഒന്നും ഒളിച്ചിരിക്കുകയല്ലല്ലോ. ഇവർക്ക് പിടിക്കാനാണെങ്കിൽ ഇന്നലെ കൊല്ലത്തുനിന്നു തന്നെ പിടിക്കാമായിരുന്നു. പൊലീസ് മുൻകൂട്ടി കണ്ട് വീടു വളഞ്ഞ് കൊണ്ടുപോയതാണ്. വീടു വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുൽ ഇതുവരെ ചെയ്തിട്ടില്ല. കന്റോൺമെന്റ് പൊലീസിന്റെ തൊട്ടപ്പുറത്തുള്ള ആശുപത്രിയിലാണ് രാഹുൽ ഒരാഴ്ച കിടന്നത്. എന്തുകൊണ്ടാണ് അവിടെ വന്ന് എടുത്തുകൊണ്ടു പോകാഞ്ഞത്? ഇന്നു പൊലീസ് കാണിച്ച രീതിക്ക് എന്തു നടപടി വേണമെന്ന് രാഹുൽ കൂടി വന്നിട്ട് തീരുമാനിക്കുമെന്നും രാഹുലിന്റെ അമ്മ കൂട്ടിച്ചേർത്തു.

Continue Reading