NATIONAL
അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി.

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ 22 ന് നടക്കാനിരിക്കെ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഗാസിയാബാജ് സ്വദേശി ഭോലദാസാണ് ഹർജി നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയായിട്ടില്ലെന്നും ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകൾ നടത്താൻ പാടില്ലാത്ത സമയത്താണ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അയോധ്യയിൽ ചടങ്ങിനോട് ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 18ന് വിഗ്രഹം ഗർഭഗൃഹത്തിൽ പ്രതിഷ്ഠിക്കും. 20,21 തീയതികളിൽ ദർശനമുണ്ടാവില്ല. 23 മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. വാരാണസിയിൽ നിന്നുള്ള മുതിർന്ന വേദജ്ഞൻ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ മുഖ്യ കാർമികത്വത്തിലാണു ചടങ്ങുകൾ. 121 വേദപണ്ഡിതർ പരികർമികളാകും.