KERALA
വിഴിഞ്ഞം തുറമുഖം മേയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കും. ലോകത്തെ ഏറ്റവും വലിയ മദർ ഷിപ്പുകൾ തുറമുഖത്ത് അടുക്കും.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബഡ്‌ജറ്റ് അവതരണം സഭയിൽ തുടരുന്നു സംസ്ഥാനത്ത് സൂര്യോദയ സമ്പദ്‌ഘടനയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിഴിഞ്ഞം അന്തർദേശീയ തുറമുഖം മേയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കും. വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കി മാറ്റും. ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടം മാറ്റിവരയ്‌ക്കും എന്നാണ് പ്രതീക്ഷ. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ രണ്ട് പതിറ്റാണ്ടിന്റെ കാലതാമസം ഉണ്ടായി എന്നത് വിസ്‌മരിക്കരുത്. ഇനി കാലതാമസം വരുത്തരുത് എന്ന ദൃഢ നിശ്ചയത്തോടെയാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്‌മെന്റ് സോണുകൾ ആരംഭിക്കും. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സ്വകാര്യ വ്യക്തികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചുകൊണ്ടാവും ഇത് ആരംഭിക്കുക. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാദ്ധ്യതയുണ്ട്.’- ധനമന്ത്രി പറഞ്ഞു.
‘തുറമുഖവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. യാർഡ്, ബെർത്ത്, ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനമാണ് പുരോഗമിക്കുന്നത്. വൈകാതെ തന്നെ കേരളത്തിന്റെയും ഇന്ത്യയുടെയും സ്വപ്നം യാഥാർത്ഥ്യമാകും. ലോകത്തെ ഏറ്റവും വലിയ മദർ ഷിപ്പുകൾ നമ്മുടെ തുറമുഖത്ത് അടുക്കും. ട്രാൻസ്‌ഷിപ്പ്മെന്റ് പ്രവർത്തനങ്ങൾ ആരംഭിക്കും. ലോകത്തിലെ എണ്ണപ്പെട്ട തുറമുഖങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വിഴിഞ്ഞത്തെ മാറ്റിയെടുക്കാൻ നിക്ഷേപം ആവശ്യമാണ്. ഇതിനായി നിയമ നിർമ്മാണങ്ങൾ നടത്തേണ്ടതുണ്ട്. ടൗൺഷിപ്പുകൾ, റെസിഡൻഷ്യൽ ഏരിയകൾ, വ്യവസായ കേന്ദ്രങ്ങൾ, സംഭരണശാലകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങി ഒരു വിശാലമായ ഹബ്ബാക്കി തുറമുഖത്തെ മാറ്റും. ഇതിനായി ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
