Crime
ടി.പി കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല.ഹൈക്കോടതിവിധി സ്വാഗതംചെയ്യുന്നു

തിരുവനന്തപുരം: ടി.പി വധക്കേസിലെ ഹൈക്കോടതിവിധി സ്വാഗതംചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തി വര്‍ഷങ്ങളോളം ജയിലിലടച്ചെന്നും പകവീട്ടലായാണ് കേസിനെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ നിയമയുദ്ധമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. കൊള്ളക്കാരനെ അറസ്റ്റുചെയ്യുന്നപോലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ കോണ്ടുപോകുന്ന ചിത്രം കേരളം മറന്നിട്ടില്ല. പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടെ കള്ളക്കേസില്‍പ്പെടുത്തി വര്‍ഷങ്ങളോളം ജയിലില്‍ അടച്ചു. പകവീട്ടലായാണ് കേസിനെ കൈകാര്യംചെയ്തത്. കോടതി ഇത് ശരിയായരീതിയില്‍ കണ്ടിരിക്കുന്നുവെന്നുവേണം വിധിയിലൂടെ മനസ്സിലാക്കാനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി വധക്കേസില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് അന്നേപറഞ്ഞതാണ്. അത് ശരിയുമാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വലിയ കടന്നാക്രമണം നടത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം കേസുമായി ബന്ധപ്പെട്ട് നടന്നു. അപ്പോഴാണ് ശരിയായ രീതിയില്‍ ഞങ്ങള്‍ക്ക് ഇടപെടേണ്ടിവന്നതെന്നും കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ യുഡിഎഫ് ആണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു”