Crime
അനീഷ്യയുടെ ആത്മഹത്യ അന്വേഷണച്ചുമതല വീണ്ടും മാറ്റി. സിറ്റി ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി
കൊല്ലം: കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണച്ചുമതല വീണ്ടും മാറ്റി. കേസ് കൊല്ലം സിറ്റി ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിനാണ് കൈമാറിയത്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് അനീഷ്യയുടെ കുടുംബം ആരോപിച്ചു. അതേസമയം, കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അനീഷ്യയുടെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്.
പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നില്‍ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ നടന്ന് 52 ദിവസം പിന്നിട്ടിട്ടും ആരോപണ വിധേയരായ ഡിഡിപി അബ്ദുള്‍ ജലീല്‍, എപിപി ശ്യാം കൃഷ്ണ എന്നിവരെ ചോദ്യം ചെയ്യാത്തത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ പരാതി.
ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. ഒന്നരമാസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയുമില്ലാതെ വന്നതോടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്നാണ് അനീഷ്യയുടെ അമ്മ പറയുന്നത്. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ ഇതുവരെ തങ്ങളുടെ മൊഴി എടുത്തിട്ടില്ലെന്നും അനീഷ്യയുടെ അമ്മ.”
