Connect with us

NATIONAL

കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1700 കോടിയുടെ പുതിയ നോട്ടീസ് നൽകി

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചിലവിന് പോലും പണമില്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാർട്ടിക്ക് കൈമാറി. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുകയെന്നാണ് നോട്ടീസിൽ പറയുന്നത്.

നികുതി പുനര്‍നിർണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. 2014–15 മുതൽ 2016-17 വരെയുള്ള പുനര്‍നിർണയം ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പുനര്‍നിർണയത്തിനുള്ള കാലാവധി ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന ഞായറാഴ്ച് കഴിയും. അതിന് മുമ്പ് പുനര്‍നിർണയം നടത്തി പിഴയും പലിശയുമടക്കം മറ്റൊരു നോട്ടീസ് കൂടി കോൺഗ്രസിന് നൽകാനാണ് സാധ്യത.അതേസമയം, അനുബന്ധ രേഖകൾ ഒന്നും വയ്ക്കാതെയാണ് നോട്ടീസ് കൈമാറിയിരിക്കുന്നതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. നീക്കം ജനാധിപത്യവിരുദ്ധമാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ആദായനികുതി വകുപ്പിന്റെ ഇടപെടലുകളെ തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനിടയിലാണ് പാർട്ടിക്ക് ആഘാതമായി ഭീമമായ തുകകളുടെ പുതിയ നോട്ടീസുകൾ ആദായ നികുതി വകുപ്പ് കൈമാറുന്നത്.

Continue Reading