Crime
സി.എ.എ. പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് സംസ്ഥാനം ഇന്ന് മറുപടി നൽകിയേക്കും

തിരുവനന്തപുരം: സി.എ.എ. പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്നാണ് വിവരം.
സംസ്ഥാനത്ത് സി.എ.എ. പ്രതിഷേധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. സി.എ.എ. വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ എടുത്ത ക്രിമിനല്‍ കേസ് പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനകള്‍ അടക്കമുള്ളവര്‍ നിരന്തരം ആവശ്യമുയര്‍ത്തിയിരുന്നു. 835 കേസുകളില്‍ ഗുരുതരമല്ലാത്ത 629 സി.എ.എ. വിരുദ്ധ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരേ സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. ഇത് പ്രത്യേക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യം വെച്ചുള്ള നടപടിയാണെന്നും വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു.
മാര്‍ച്ച് 14ന് വൈകീട്ട് മൂന്ന് മണിയോട് കൂടിയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇതിന് ശേഷമാണോ സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതെന്നാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുക.