Connect with us

Crime

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ വന്‍ മോഷണം. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

Published

on

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ വന്‍ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് വജ്രാഭരണങ്ങളും സ്വര്‍ണ്ണവും കവര്‍ന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ജോഷിയുടെ പനമ്പള്ളി നഗര്‍ 10 വേ ക്രോസ് റോഡിലുള്ള B സ്ട്രീറ്റില്‍ ഹൗസ് നമ്പര്‍ 347 അഭിലാഷം വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് മോഷണം നടക്കുന്നത്. വീടിന്റെ പിന്‍വശം അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്.

ഒരു റൂമിന്റെ സേഫ് ലോക്കര്‍ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വര്‍ണ്ണത്തിന്റെ പത്ത് മാലകളും 10 വളകളും സ്വര്‍ണ്ണത്തിന്റെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

വീട്ടില്‍ ജോഷി ഭാര്യ സിന്ധു, മരുമകള്‍ വര്‍ഷ, 3 കുട്ടികള്‍ എന്നിവര്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 5.30 മണിയോടെ സിന്ധു ജോഷി ഉണര്‍ന്ന് അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിന്‍സി ജോലിക്കാരിയുടെ മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. സിസിടിവി ദൃശ്യത്തില്‍ ഏകദേശം 30 വയസ്സു തോന്നിക്കുന്ന ടീഷര്‍ട്ടും തൊപ്പിയും കറുത്ത ഷാളും ധരിച്ചയാള്‍ ജനല്‍ തുറക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് സിസിടിവി തിരിച്ചു വച്ചു കളഞ്ഞു, ഡോഗ് സ്‌ക്വാഡും ഫിംഗര്‍പ്രിന്റും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.”

Continue Reading