Crime
ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ യദു ഹൈക്കോടതിയെ സമീപിക്കും.
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിന് മുന്നിൽ കാർ കുറുകേ നിർത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ എൽഎച്ച് യദു ഹൈക്കോടതിയെ സമീപിക്കും. മേയർക്കും എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാത്തതിനെതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും ഹർജി ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.
മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് നിലപാട്. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിക്കുന്നത്. ഡ്രൈവറെ തടഞ്ഞശേഷം മേയർ പൊലീസിൽ അറിയിച്ചിരുന്നു. കൺട്രോൾ റൂമിലും അറിയിച്ചു. മേയറുടെ പരാതി അന്വേഷിക്കുന്ന കൂട്ടത്തിൽ ഡ്രൈവറുടെ പരാതിയും അന്വേഷിക്കാമെന്ന നിലപാടിലാണ് പൊലീസ്.
ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തെ തുടർന്ന് ഡ്രൈവറെ കെഎസ്‌ആർടിസി ഡ്യൂട്ടിയിൽ നിന്ന് വിലക്കിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കും. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിലെ സിഗ്നലിൽ ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്‌താണ് മേയറുടെ കാർ ബസിന് കുറുകേ നിർത്തിയത്. വീഡിയോ ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. കാറിന് സൈഡ് തരാത്തതിനല്ല, അശ്ലീല ആംഗ്യം കാണിച്ചതാണ് ചോദ്യം ചെയ്‌തതെന്നും മേയർ വ്യക്തമാക്കിയിരുന്നു.
യദുവിനെ ജോലിയിൽ നിന്നും പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്റെ നിഗമനം.
