KERALA
മഅദനിക്കെതിരായ ജയരാജന്റെ പരാമര്‍ശം സ്വയംവിമര്‍ശനം

‘
തിരുവനന്തപുരം: മഅദനിക്കെതിരായ പി. ജയരാജന്റെ പരാമര്‍ശം സ്വയം വിമര്‍ശനമായി കാണുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മഅദനി യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തിയെന്ന പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.ഡി.പിയുമായി സഹകരിക്കരുതെന്ന് സി.പി.ഐ നേരത്തേ പറഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു
പി. ജയരാജൻ്റെ ‘കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെയും മഅദനിയെയും മുന്‍നിര്‍ത്തി മുസ്ലിം തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മഅദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളര്‍ത്തുന്ന തരത്തില്‍ പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിച്ചതെന്നും അതിനായി അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചതെന്നും ജയരാജന്‍ ആരോപിക്കുന്നു. 1990-ല്‍ ആര്‍.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐഎസ്എസ്) രൂപീകരിച്ചത് മഅദനിയുടെ നേത്യത്വത്തിലാണ്, ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കിയെന്നും ജയരാജന്‍ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.
മഅദനിയുടെ കേരള പര്യടനം മൂലം യുവാക്കള്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നും അതുകൊണ്ടാണ് മുസ്ലിം തീവ്രവാദപ്രവര്‍ത്തനത്തിന്റെ അംബാസിഡറായി ആളുകള്‍ മഅദനിയെ വിശേഷിപ്പിക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. സ്വന്തം സമുദായത്തില്‍ നിന്നുതന്നെ ഇതിനെതിരേ വിമര്‍ശനമുയര്‍ന്നുവന്നപ്പോഴാണ് ഐഎസ്എസ് പിരിച്ചുവിട്ട് കൂടുതല്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികളുമായി പി.ഡി.പി രൂപീകരിച്ചതെന്നും ജയരാജന്‍ പറയുന്നു.
അതേസമയം പുസ്തകം സംബന്ധിച്ച വിവാദങ്ങള്‍ക്ക് ശനിയാഴ്ച വൈകിട്ട് മറുപടി പറയാമെന്ന് പി. ജയരാജന്‍ പ്രതികരിച്ചു. പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.