KERALA
മരിച്ചവരിൽ മലയാളി നഴ്സും.തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത
പത്തനംതിട്ട: വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് (39) മരിച്ചത്. നേരത്തെ ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക് ഒരു വർഷം മുമ്പാണ് യുകെയിൽ നഴ്സായി ജോലി ലഭിച്ചത്.
ഇന്നലെയായിരുന്നു രഞ്ജിത വീട്ടിൽ നിന്ന് പോയത്. കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വിമാനം കയറി. അവിടെ നിന്ന് യു കെയിലേക്ക് പോകവേയായിരുന്നു ദുരന്തം. അമ്മയും മകനും മകളുമാണ് രഞ്ജിതയുടെ വീട്ടിലുള്ളത്. വീട് നിർമാണം നടന്നുകൊണ്ടിരിക്കെയാണ് ദുരന്തമെത്തിയത്.
‘രഞ്ജിത കോഴഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലെ സ്റ്റാഫായിരുന്നു. അഞ്ച് വർഷത്തെ അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. മൂത്ത മകൻ പത്താം ക്ലാസിലാണ്. മകൾ ഏഴാം ക്ലാസിലും. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാർ നേരത്തെ മരിച്ചു.
