Connect with us

KERALA

ഇടതുപക്ഷം വർഗീയതയെ എതിർക്കുകയും മതനിരപേക്ഷതയെ എക്കാലവും ഉയർത്തിപിടിക്കുകയുമാണ് ചെയ്തിട്ടുളളത്’

Published

on

നിലമ്പൂർ: ഇടതുപക്ഷം ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ വ്യക്തത വരുത്തി നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ്. ഗോവിന്ദന്റെ പരാമർശം വിവാദമായതിനുപിന്നാലെയാണ് സ്വരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇടതുപക്ഷം ജനതാ പാർട്ടിയുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജനതാ പാർട്ടി ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് മനസിലായതോടെ മുൻമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ചരിത്ര പ്രഖ്യാപനം നടത്തിയിരുന്നുവെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

‘ഇടതുപക്ഷം ജനതാ പാർട്ടിയുമായാണ് പ്രവർത്തിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ജനതാ പാർട്ടി ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്നുവെന്ന ആരോപണം ഉയർന്നുവരികയും പിന്നാലെയാണ് ഇഎംഎസ് നമ്പൂരിപ്പാട് ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്. ആർഎസ്എസിന്റെ വോട്ട് ഞങ്ങൾക്ക് വേണ്ടെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. പിന്നീട് ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസാണ്. ഇടതുപക്ഷം വർഗീയതയെ എതിർക്കുകയും മതനിരപേക്ഷതയെ എക്കാലവും ഉയർത്തിപിടിക്കുകയുമാണ് ചെയ്തിട്ടുളളത്’- എം സ്വരാജ് വ്യക്തമാക്കി. അടിയന്തരാവസ്ഥ ഘട്ടമായിരുന്നപ്പോൾ ഇടതുപക്ഷം ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞത്. അടിയന്തരാവസ്ഥ, അർധ ഫാസിസത്തിന്റെ രീതിയിലായിരുന്നുവെന്നും അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ലെന്നും യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

അതേസമയം, നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന നിലമ്പൂർ മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ക്ഷേമ പെൻഷൻ വിവാദമടക്കം ചർച്ചയാക്കിയാണ് എം സ്വരാജ് വോട്ട് ‌തേടിയത്.

Continue Reading