Connect with us

International

ട്രംപ് വെടിനിർത്തൽ ‘പ്രഖ്യാപിച്ചതോടെ’ ആഗോള ഓഹരി വിപണികളിൽ വൻ ഉണർവ്.വെടിനിർത്താൻ ഉദ്ദേശ്യമില്ലെന്ന് ഇറാൻ

Published

on

ടെഹ്റാൻ :പശ്ചിമേഷ്യയിൽ രണ്ടാഴ്ചയോളം നീണ്ട ‘സംഘർഷത്തിന്’ വിരാമമാകുന്നെന്ന പ്രതീക്ഷ നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ‘പ്രഖ്യാപിച്ചതോടെ’ ആഗോള ഓഹരി വിപണികളിൽ വൻ ഉണർവ്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റിയും കുതിച്ചുകയറിയത് നിക്ഷേപകർക്ക് സമ്മാനിക്കുന്നത് വൻ പ്രതീക്ഷ.

എന്നാൽ വെടിനിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പക്ഷേ, ഇസ്രയേലോ യുഎസോ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും സംയമനം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആണവ കേന്ദ്രങ്ങളെ ആക്രമിച്ച യുഎസിന് തിരിച്ചടി നൽകാനെന്നോണം ഖത്തറിലെയും ബഗ്ദാദിലെയും യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ‌ മിസൈലാക്രമണം നടത്തിയത് യുഎസ് സ്ഥിരീകരിച്ചു; ആളപായമില്ല.

ഗൾഫ് മേഖലയിൽ നിന്ന് ലോക എണ്ണവിപണിയിലേക്കുള്ള ചരക്കുനീക്കത്തിന്റെ മുഖ്യപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഇറാനിലെ തന്ത്രപ്രധാന എണ്ണമേഖലയായ ഖർഗ് ദ്വീപിൽനിന്ന് തടസ്സമില്ലാതെ വിതരണം തുടരുന്നതും ക്രൂഡ് ഓയിൽ വിലയുടെ തിരിച്ചിറക്കത്തിന് വഴിവച്ചു. കഴിഞ്ഞദിവസം ബാരലിന് 80 ഡോളറിന് അടുത്തായിരുന്ന ബ്രെന്റ് വില 69.28 ഡോളറിലേക്ക് കൂപ്പുകുത്തി. 75 ഡോളറിന് മുകളിൽ നിന്ന് ഡബ്ല്യുടിഐ ക്രൂഡ് വില 66.28 ഡോളറിലേക്കും ഇടിഞ്ഞു.
എല്ലാം താൻ കാണുന്നുണ്ടെന്നും എണ്ണ വില കുറയ്ക്കുന്നതാണ് നല്ലതെന്നും ട്രംപ് സാമൂഹ്യമാധ്യമത്തിൽ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുപക്ഷേ, ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമല്ല. യുഎസിലെ ആഭ്യന്തര എണ്ണവിതരണക്കമ്പനികളെയാകാം ട്രംപ് ഉദ്ദേശിച്ചതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണവില കുറയുന്നത് ഇന്ത്യക്ക് വൻ ആശ്വാസമാണ്. ഉപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അതിന്റെ 40 ശതമാനവും വാങ്ങുന്നത് പശ്ചിമേഷ്യയിൽ നിന്നാണ്.

ഇസ്രയേലും ഇറാനും വെടിനിർത്തലിലേക്ക് നീങ്ങുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളതലത്തിൽ ഓഹരി വിപണികൾ മികച്ച തിരിച്ചുകയറ്റം നടത്തി. യുഎസിൽ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 0.4%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.5%. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.7% എന്നിങ്ങനെ കയറി. ജാപ്പനീസ് നിക്കേയ് 1.24 ശതമാനവും ഹോങ്കോങ് 1.43 ശതമാനവും ഷാങ്ഹായ് 0.50 ശതമാനവും മുന്നേറിയത് ഇന്ത്യൻ വിപണിക്കും കുതിപ്പാകും

ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി 200 പോയിന്റിലധികം (+0.91%) കുതിച്ചുകയറിയത് ഇന്ന് സെൻ‌സെക്സും നിഫ്റ്റിയും വൻ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷ നൽകുന്നു. ക്രൂഡ് ഓയിലുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ട ഓഹരികളിൽ ഇന്നു തിരിച്ചുകയറ്റത്തിന് സാധ്യതയുണ്ട്.

Continue Reading