Crime
ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം; വ്യോമ താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ
ദുബായ് : ഇറാന്റെ ഫൊർദോ ആണവകേന്ദ്രത്തിനുനേർക്ക് വീണ്ടും ആക്രമണമെന്ന് ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. എത്ര നാശനഷ്ടങ്ങളുണ്ടായെന്നോ ആരാണ് ആക്രമിച്ചതെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഞായറാഴ്ച പുലർച്ചെയാണ് യുഎസ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളുടെ നേർക്ക് ബോംബിട്ടത്. ഇതേത്തുടർന്ന് യുഎസിന്റെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകിയിരുന്നു. അതിനിടെ, ഇസ്രയേൽ ഇന്നു നടത്തിയ ആക്രമണത്തിൽ ടെഹ്റാനിലെ എവിൻ ജയിലിന്റെ കവാടം തകർന്നതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
അതിനിടെ ‘ഇസ്രയേലിനെതിരെ മിസൈലുകൾ വിക്ഷേപിച്ച വ്യോമ താവളങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഇറാനിലെ ആറു വ്യോമതാവളങ്ങളിലാണ് ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്ധനം നിറയ്ക്കുന്ന വിമാനവും എഫ്-14, എഫ്-5, എഎച്ച്-1 വിമാനങ്ങളും നശിപ്പിച്ചുവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. മധ്യ ഇറാനിലുള്ള സർഫസ്-ടു-സർഫസ് മിസൈൽ സംഭരണ സൗകര്യങ്ങളും ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടു. 15ൽ അധികം യുദ്ധവിമാനങ്ങളാണ് പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രദേശത്ത് ആക്രമണം നടത്തിയത്. നിരവധി സർഫസ്-ടു-സർഫസ് മിസൈൽ വിക്ഷേപണ, സംഭരണ സ്ഥലങ്ങൾ നിർവീര്യമാക്കി എന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
