Crime
പൊതുപണിമുടക്കിൽ പരക്കെ അക്രമസംഭവങ്ങൾ: മരുന്ന് ഗോ ഡൗൺ പൂട്ടിച്ചു :മീനിൽ മണ്ണെണ്ണയൊഴിക്കുമെന്ന് ഭീഷണി
കൊച്ചി: ഹർത്താലിന് സമാനമായി മാറിയ പൊതുപണിമുടക്കിൽ പരക്കെ അക്രമസംഭവങ്ങൾ അരങ്ങേറിയതായി റിപ്പോർട്ട്. ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന കേന്ദ്രവും സമരാനുകൂലികൾ ഭീഷണിപ്പെടുത്തി പൂട്ടിച്ചു. കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പെടെയുളളവർക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്.
ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ്‌സെന്ററാണ് സമരാനുകൂലികൾ ഭീഷണിപ്പെടുത്തി പൂട്ടിച്ചത്. മരുന്നുകൾ വിതരണം ചെയ്യുന്ന ഗോഡൗണാണെന്നും അവശ്യസർവീസിൽ പെടുന്നതായതിനാൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ജീവനക്കാർ സമരക്കാരോട് പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ ജീവനക്കാരെ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.
കോഴിക്കോട് മുക്കത്ത് മീൻ വില്പനകേന്ദ്രത്തിലെത്തിയ സമരക്കാർ കടയടച്ചില്ലെങ്കിൽ മീനിൽ മണ്ണെണ്ണയൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഉന്നത സിഐടിയു നേതാവിന്റെ ഭീഷണി. കണ്ണൂർ ശ്രീകണ്‌ഠാപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്‌എസ്‌എസിൽ ജോലിക്കെത്തിയ അദ്ധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികൾ അഴിച്ചുവിട്ടു. കെപിഎസ്‌ടിഎ, എച്ച്‌എസ്‌ടിഎ യൂണിയനുകളിൽപ്പെട്ട 15 അദ്ധ്യാപകരാണ് ഇവിടെ ഹാജരായത്.
കാസർകോട് വെള്ളരിക്കുണ്ട് പരപ്പ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു. രാവിലെ പത്ത് മണിയോടെ സംഘടിച്ചെത്തിയ ഇടത് നേതാക്കളാണ് അദ്ധ്യാപിക സിജിയെ ഓഫീസിൽ പൂട്ടിയിട്ടത്. ജില്ലയിലെ നീലേശ്വരം നഗരസഭയിൽ ജോലിക്കെത്തിയ ഏഴ് ജീവനക്കാരെ സമരാനുകൂലികൾ പൂട്ടിയിട്ടു. ഒപ്പിട്ടതല്ലേ ഇനി വൈകിട്ട് വരെ ഇതിനകത്ത് തന്നെ കഴിയു എന്ന് സമരക്കാർ പറയുകയായിരുന്നു. ഒടുവിൽ ‘കോൺഗ്രസ് നേതാക്കൾ വിവരം നൽകിയതിനെ തുടർന്ന് പോലീസുകാരാണ് മണിക്കുറുകൾക്ക് ശേഷം ഇവരെ പുറത്തെത്തിച്ചത് .
പ്രധാന അദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികൾ വാക്കേറ്റം നടത്തി. പൊലീസ് എത്തിയാണ് വാതിൽ തുറന്നത്.തിരുവനന്തപുരം കാട്ടാക്കടയിലും കൊല്ലത്തും കെഎസ്ആർടിസി ജീവനക്കാർക്ക് സമരാനുകൂലികളിൽ നിന്ന് മർദ്ദനമേൽക്കുകയും ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറായ ഷിബുവിനാണ് കാട്ടാക്കടയിൽ മർദ്ദനമേറ്റത്. കൊല്ലത്ത് കണ്ടക്ടറെ ബസിനുള്ളിൽ കടന്ന് അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു.മലപ്പുറത്ത് മഞ്ചേരിയിൽ പൊലീസും സമരാനുകൂലികളും തമ്മിൽ ചെറിയതോതിൽ സംഘർഷമുണ്ടായി. റോഡിലിറങ്ങിയ സ്വകാര്യവാഹനത്തെ സമരാനുകൂലികൾ തടഞ്ഞതിനെ ചോദ്യംചെയ്തതായിരുന്നു സംഘർഷത്തിന് കാരണം.
