Connect with us

Crime

ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായ് ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത്:പുറത്തുകടക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല

Published

on

കണ്ണൂർ :കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായ് ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത്
ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തുകടക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ എടുത്തു പറയുന്നു .ജയിൽച്ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല. സെല്ലിൽ തുണിയെത്തിയതിൽ ആശയക്കുഴപ്പമുണ്ട്. ഈ തുണി സെല്ലിൻ്റെ കമ്പി മുറിച്ച ഇടത്ത് കെട്ടിയ തുണിയെ കുറിച്ചാണ് സൂചിപ്പിക്കുന്നത് .ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. റിമാൻഡ് തടവുകാർ അലക്കാനായ് വെച്ച വസ്ത്രങ്ങൾ ആണ് കുട്ടികെട്ടിയാണ് മതിൽ ചാടാൻ ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. 28 ദിവസത്തോളം എടുത്താണ് സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്നാണ് വിവരം. ജയിൽ ചാടിയ ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നിലവിൽ ഗോവിന്ദച്ചാമിയെ കൂടുതൽ സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
ഗോവിന്ദച്ചാമി പുറത്തു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സെല്ലിലെ കമ്പിയുടെ താഴ്‌ഭാഗം മുറിച്ചുമാറ്റിയ ശേഷം ആ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. സെല്ലിന് പുറത്തിറങ്ങിയതിന് ശേഷം മൂന്നുതവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുക്കുന്നതും കാണാം.

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജയിൽ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്. ഉത്തര മേഖല ഡിഐജി വി.ജയകുമാറാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒരാൾക്കെതിരെ നടപടിക്ക് ശുപാർശയുമുണ്ട്.

അതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കുന്ന പഴയ ബ്ലോക്കുകൾക്കെല്ലാം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയിൽ‌ ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നു.‌ ഇത്തരം കെട്ടിടങ്ങൾ ജയിൽച്ചാട്ടത്തിന് കാരണമാണെന്ന് രഹസ്യാന്വേഷണവിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ ബ്ലോക്കുകളുടെ ഓടുമേഞ്ഞ മേൽക്കൂരയിൽ ചോർച്ച കാരണം പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയിട്ടുണ്ട്. കൊടും ക്രിമിനലുകളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാർപ്പിക്കുന്ന അതിസുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കും ജീർ‌ണാവസ്ഥയിലാണ്. പ്രധാന കവാടം കഴിഞ്ഞ് വലതുഭാഗത്ത് വാച്ച് ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതിൽ എ, ബി, സി, ഡി എന്നീ സെല്ലുകളുമുണ്ട്. ഓടുമേഞ്ഞ കെട്ടിടമാണിത്. റിപ്പർ ജയാനന്ദൻ ഇതേ പത്താംനമ്പർ ബ്ലോക്കിൽനിന്ന് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് തടവ് ചാടിയിരുന്നത്

കണ്ണൂർ ജയിലിലെ മറ്റൊരാൾകൂടി ജയിൽ ചാടാൻ പദ്ധതിയിട്ടതായി വിവരം ലഭിച്ചെന്ന്‌ രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം കനത്ത മഴയിൽ ജയിലിന്റെ കിഴക്കുഭാഗത്തുള്ള മതിൽ തകർന്നുവീണിരുന്നു. ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം അന്ന് നിർത്തിവെച്ചതാണ്. ഇനിയും ഇത് പുനഃസ്ഥാപിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ യഥാസമയം പരിശോധിക്കുന്നുമില്ല.

ജയിൽചട്ടങ്ങൾ ലംഘിച്ച് വ്യായാമത്തിന്റെ മറവിൽ തടവുകാരുടെ കൂട്ടനടത്തവും സുരക്ഷാഭീഷണിയാകുന്നു. ആവശ്യമുള്ളവർക്ക് പാർപ്പിച്ച സെല്ലുകളിൽ വ്യായാമം നടത്താനേ ജയിൽച്ചട്ടം അനുവദിക്കുന്നുള്ളൂ. രാഷ്ട്രീയത്തടവുകാരുൾപ്പെടെ 50-ഓളം പേരാണ് പ്രഭാതസവാരി നടത്തുന്നത്. നടത്തത്തിനിടയിലുള്ള സംസാരത്തിലൂടെ ജയിൽ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തുന്നതായുള്ള വിവരവും കിട്ടിയിട്ടുണ്ട്. പ്രധാന മതിലിനോടുചേർന്ന റോഡിലൂടെയാണ് ഇവരുടെ പ്രഭാതസവാരി. നടത്തത്തിനിടെ പച്ചക്കറിത്തോട്ടത്തിൽനിന്ന്‌ വാഴപ്പഴങ്ങളും പച്ചക്കറികളും മോഷ്ടിക്കുന്നുമുണ്ട്.

Continue Reading