KERALA
കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവുമാണ് ബി.ജെ.പിയുടെ നയമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരേ രൂക്ഷ വിമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഗോവിന്ദൻ്റെ വിമർശനം.കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവുമാണ് ബി.ജെ.പിയുടെ നയമെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി
ആട്ടിൻതോലണിഞ്ഞ ചെന്നായയാണ് ബിജെപി എന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഒന്നും ചെയ്യുന്നില്ലെന്നും പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ക്രൈസ്തവരെ അടുപ്പിക്കുന്നതിനുവേണ്ടിയാണ് ജോർജ് കുര്യന് കേന്ദ്രപദവി ലഭിച്ചത്. എന്നാൽ, അതുകൊണ്ട് ക്രൈസ്തവ സമുദായത്തിന് യാതൊരു തരത്തിലുള്ള ഗുണവും ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ മാത്രമാണ് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാർ തന്നെ പറഞ്ഞു. ‘കന്യാസ്ത്രീകളേയും പുരോഹിതരേയും അവർ അണിയുന്ന വസ്ത്രത്താൽ തിരിച്ചറിഞ്ഞ് ആക്രമിക്കുകയെന്ന രീതി ആവർത്തിക്കപ്പെടുന്നു. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർ മരിച്ചാൽ മറവുചെയ്യാൻ പോലും അനുവദിക്കാത്തവിധം സാമൂഹ്യാന്തരീക്ഷം കലുഷിതമാണ്. മൃതദേഹം സംസ്കരിക്കണമെങ്കിൽ മതം മാറണം എന്നതുൾപ്പെടെയുള്ള ഭീതിജനകമായ കൽപ്പനകളാണ് ഹിന്ദിത്വവാദികൾ നടത്തുന്നത്. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് മതപരിവർത്തനം നടത്തുന്നതുൾപ്പെടെ വാർത്തകളാണ് ബിജെപി ഡബിൾ എഞ്ചിൻ സർക്കാരുള്ളിടത്തുനിന്ന് കേൾക്കുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും എങ്ങനെ മൃതദേഹം സംസ്കരിക്കണമെന്നും ഹിന്ദുത്വവാദികൾ നിശ്ചയിക്കുന്നത് ഭീതിജനകമാണ്. ഇവരെ നിയന്ത്രിക്കേണ്ട പോലീസ് സംസ്ഥാനങ്ങളിൽ ആക്രമികൾക്കൊപ്പം ചേർന്ന് ഇരകളെ വേട്ടയാടുന്നുവെന്നും ഗോവിന്ദൻ കുറിച്ചു.
ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കൾക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ സിസ്റ്റർമാരുടെ മോചനത്തിന് എന്തുചെയ്തു? നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ജോർജ് കുര്യൻ പറയുന്നത്. ഏത് നിയമത്തെക്കുറിച്ചാണ് ജോർജ് കുര്യൻ പറയുന്നത്? ഗോൾവാൾക്കർ വിചാരധാരയിൽ പറഞ്ഞുവെച്ചതാണോ കുര്യന് നിയമം എന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
