HEALTH
ഡോ. ഹാരിസിനു നൽകിയ കാരണംകാണിക്കൽ നോട്ടീസിലെ സർക്കാർ വാദം പൊളിയുന്നു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നതിനായി ആശുപത്രി സൂപ്രണ്ടിന് ഡോ. ഹാരിസ് ചിറയ്ക്കൽ നൽകിയ കത്തുകൾ പുറത്ത്. ഉപകരണങ്ങളില്ലെന്ന് സൂപ്രണ്ടിനെ അറിയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡോ. ഹാരിസിനു നൽകിയ കാരണംകാണിക്കൽ നോട്ടീസിലെ സർക്കാർ വാദം പൊളിയുന്നതാണ് ഈ കത്തുകൾ
രണ്ടു കത്തുകൾ നൽകിയിട്ടുണ്ടെങ്കിലും ലിത്തോക്ലാസ്റ്റിന് അനുബന്ധ ഉപകരണങ്ങൾ ഇല്ലെന്ന കാര്യം സൂപ്രണ്ടിനെയോ, പ്രിൻസിപ്പലിനെയോ അറിയിച്ചിട്ടില്ലെന്നാണ് മെമ്മോയിൽ പറഞ്ഞിരുന്നത്. ഈ വർഷം മാർച്ച് 10, ജൂൺ ആറ് എന്നീ തീയതികളിലാണ് ഡോ. ഹാരിസ് സൂപ്രണ്ടിന് കത്തുകൾ നൽകിയത്.
യൂറോളജി വിഭാഗത്തിൽ സ്ഥാപിച്ചിട്ടുള്ള ലിതോക്ലാസ്റ്റ് എന്ന ഉപകരണത്തിന് അനുബന്ധ സാമഗ്രികൾ വേണമെന്നാണ് രണ്ടു കത്തിലെയും ആദ്യവാചകങ്ങൾ. ഈ സാധനങ്ങൾ നൽകുന്ന അംഗീകൃത ഏജൻസി അറിയിച്ചിട്ടുള്ള വിലയും രണ്ടുകത്തുകളിലും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉപകരണങ്ങളില്ലെന്ന് ഡോ. ഹാരിസ് വെളിപ്പെടുത്തിയ ജൂൺ 27-നുശേഷം അടിയന്തരമായി ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം വാങ്ങിയതിനുള്ള രേഖകളും പുറത്തുവന്നു. ഉപകരണം നൽകിയ ഏജൻസി മെഡിക്കൽ കോളേജിന് നൽകിയിട്ടുള്ള ഇൻവോയിസ് വിവരങ്ങളാണ് പുറത്തുവന്നത്.
