Connect with us

International

ട്രംപിന് പരോക്ഷ മറുപടി നല്‍കി പ്രധാനമന്ത്രി രാജ്യതാത്പര്യത്തിന് ഇന്ത്യ മുൻഗണന നൽകും

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരോക്ഷ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു. അതിനായി എന്തുവില കൊടുക്കാനും തയ്യാറാണെന്നും മോദി പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന എം.എസ്. സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

”കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളില്‍ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്”, ട്രംപിന്റെ തീരുവകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മറുപടി.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു.

Continue Reading