Crime
കട ബാധ്യതയുടെ പേരിൽ കോൺഗ്രസ് അംഗത്തിനെതിരെ പ്രതിഷേധവും പോസ്റ്ററും; വീട്ടമ്മയുടെ ആത്മഹത്യ; സി.പി.എമ്മിനെതിരേ കോൺഗ്രസ്
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തംഗം ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം നേതൃത്വത്തിന്റെയും ആരോപണങ്ങളില്‍ മനംനൊന്താണ് പഞ്ചായത്ത് അംഗമായ ശ്രീജ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസും ഇവരുടെ കുടുംബവും കുറ്റപ്പെടുത്തി.
വാര്‍ഡംഗമായ ശ്രീജയ്ക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ശ്രീജയ്ക്ക് 60 ലക്ഷം രൂപ കടബാധ്യതയുള്ളതായാണ് വിവരം. സ്വകാര്യപണമിടപാടുകാരില്‍ നിന്നാണ് പലിശയ്ക്ക് പണം കടംവാങ്ങിയത്. കടബാധ്യത തീർക്കാൻ ശ്രീജ പലിശക്കാർ ഉൾപ്പെടെ നിരവധി പേരുടെ പക്കൽനിന്നും പണം കടം വാങ്ങിയതായും പറയപ്പെടുന്നു. തുടർന്ന് ഭൂമി വിറ്റും, ലോണെടുത്തും പണം തിരികെ നല്‍കാന്‍ ശ്രീജ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കടംവാങ്ങിയ പണം തിരികെ നല്‍കുന്നതിനായി ശ്രീജ സമീപകാലത്ത് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.വായ്പ പാസാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടാകുന്നത്. ‘കട്ടമുതല്‍ തിരിച്ചുനല്‍കിയാല്‍ കള്ളി കള്ളിയല്ലാതെ ആകുമോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിപിഎം പ്രതിഷേധിച്ചത്. കടം നൽകി പണം തിരിച്ചുകിട്ടാത്തവർ പരാതിയുമായി സിപിഎമ്മിനെ സമീപിച്ചുവെന്നും തുടർന്നാണ് ശ്രീജയ്ക്കെതിരെ സിപിഎം പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയതെന്നുമാണ് അവരുടെ വാദം.
അതേസമയം തന്റെ ഭാര്യയെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റും പ്രവര്‍ത്തകരും അപവാദം പറഞ്ഞുപരത്തിയതില്‍ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് ജയകുമാര്‍ പ്രതികരിച്ചു. ശ്രീജ ഇന്നലെ രാത്രി മുതല്‍ കരച്ചിലായിരുന്നെന്നും കടബാധ്യത മൂലം പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പറയുന്നുണ്ടായിരുന്നെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ടില്ല, ബന്ധുക്കളാണ് സാമ്പത്തികമായി സഹായിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വിനു മോഹന്‍ അടക്കമുള്ളവര്‍ പ്രതിഷേധയോഗം നടത്തിയിരുന്നതായും ജയകുമാര്‍ പറയുന്നു. ശ്രീജ മുമ്പും ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് ഏഴുദിവസം ശ്രീജ ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും ഭര്‍ത്താവ് ജയകുമാര്‍ വ്യക്തമാക്കി. അതിനുശേഷം ശ്രീജ ഭര്‍ത്താവിന്റെ വീടായ കൊക്കെട്ടേലയിലായിരുന്നു താമസം. ഈമാസം മുപ്പതിന് പണം തിരികെ നല്‍കുമെന്ന് ശ്രീജ ഉറപ്പുനല്‍കിയിരുന്നു, ഇതിനിടയിലാണ് ആത്മഹത്യ.
ചൊവ്വാഴ്ച രാവിലെയാണ് മകൾ ശ്രീജയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ആസിഡ് കുടിച്ചാണ് ആത്മഹത്യ ചെയ്തത്.
