KERALA
ഗർഭച്ഛിദ്ര ശബ്ദരേഖ രാഹുലിന്റേതെന്ന് തെളിയിക്കപ്പെടണം-മുരളീധരൻ
തിരുവനന്തപുരം: ഗർഭച്ഛിദ്ര ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പാർട്ടി നടപടിയെടുത്തത്. ഈ സന്ദേശം മിമിക്രിക്കാരെ വെച്ച് ചെയ്യിച്ചതാണോ ഒറിജിനൽ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അത് പോലീസും കോടതിയുമാണ് ചെയ്യേണ്ടതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ആക്ഷേപങ്ങൾ കോടതിയിലോ പോലീസിനോ പരാതിയായി ഉയരുമെങ്കിൽ അന്നത്തെ സാഹചര്യം അനുസരിച്ച് പാർട്ടി തീരുമാനമെടുക്കും. പുകമറയാണെങ്കിൽ സസ്പെൻഷൻ അവസാനിപ്പിക്കും. രണ്ടുപേർക്കും അവരുടെ നിലപാട് പറയാനുള്ള സമയം ഉണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ആരും പരാതി തന്നിട്ടില്ല. അതുകൊണ്ട് തന്നെ പാർട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല. ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമുണ്ട്. കുറ്റം ആരോപിക്കപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടിയാണ് പാർട്ടി അന്വേഷണം നടത്തുന്നത്. അത് മാർക്സിസ്റ്റ് പാർട്ടിയാണ്. ഞങ്ങൾ അങ്ങനെ അല്ല- കെ. മുരളീധരൻ പറഞ്ഞു.
പുകമറ ഉണ്ടായ സാഹചര്യത്തിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. കുറ്റം ചാർത്തപ്പെട്ട വ്യക്തി കുറ്റവാളിയാണെന്ന് പറയാൻ സാധ്യമല്ല. അത് കോടതി തീരുമാനിക്കേണ്ടതാണ്. അങ്ങനെ ഒരു വ്യക്തിയോട് രാജിവെക്കാൻ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗൂഢാലോചനയാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ട വ്യക്തികളാണ്. രാഹുൽ നിരപരാധിയാണെങ്കിൽ അദ്ദേഹത്തിന് അത് തെളിയിക്കാനുള്ള അവസരമുണ്ട്. അതുകൊണ്ടാണ് പാർട്ടി സസ്പെൻഷനിൽ ഒതുക്കിയിരിക്കുന്നത്. പുറത്തുവന്ന ശബ്ദരേഖ രാഹുൽ മാങ്കൂട്ടത്തിലിന്റേത് തന്നെ ആണ് എന്ന് തെളിയിക്കപ്പെടണം. രാഹുൽ നിഷേധിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. കടകംപള്ളി സുരേന്ദ്രന്റേതടക്കം ഒരുപാട് ശബ്ദരേഖകൾ പുറത്തുവന്നു. അതിലൊന്നും ആധികാരികതയില്ല. മിമിക്രി ആർടിസ്റ്റ് പറയുന്നതാണോ അതോ ഒറിജിനലാണോ? അത് പരിശോധിക്കേണ്ടത് പോലീസും കോടതിയുമാണ്. ഇത് തെളിയിക്കപ്പെടണം. എല്ലാത്തിനോടുമുള്ള തുറന്ന സമീപനമാണ് പാർട്ടിക്കുള്ളത്- കെ, മുരളീധരൻ പറഞ്ഞു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാഹുലിനും കുറ്റവാളിയാണെന്ന് തെളിയിക്കാൻ പരാതി ഉന്നയിച്ചവർക്കും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയുള്ള ചെറുപ്പക്കാരനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പുതിയ തലമുറ വളർന്നു വരണമെന്ന് നിർബന്ധനമുണ്ടായിരുന്നു. ഞങ്ങൾക്ക് ശേഷവും പാർട്ടി വേണ്ടേ എന്നും മുരളീധരൻ ചോദിച്ചു
