KERALA
സിപിഎം വിശ്വാസികൾക്കൊപ്പം,ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായം
സിപിഎം വിശ്വാസികൾക്കൊപ്പം,
ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായം
തിരുവനന്തപുരം:വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയെന്നും ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘‘വിശ്വാസികളുടെ നിലപാടുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവർത്തിക്കുന്നത്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, നാളെയും എടുക്കില്ല.’’–എം.വി.ഗോവിന്ദൻ പറഞ്ഞു.
അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ ആവശ്യം കണക്കിലെടുത്തായിരുന്നു തീരുമാനം. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ പിന്തുണ അതിനു ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വർഗീയ വാദികൾ. അവരാണ് ഈ വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്.
വർഗീയവാദികൾക്ക് വിശ്വാസമില്ല. വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാണ് വർഗീയവാദികൾ. അവരുടെ പ്രചാരണവേലയോടൊപ്പം ചേർന്നു നിൽക്കാൻ സിപിഎം ഇല്ല. വിശ്വാസികൾക്കൊപ്പമാണ് സിപിഎം. കോടതിവിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് യുവതീപ്രവേശന വിഷയത്തിൽ അന്നുണ്ടായത്. ഇപ്പോൾ അതിലൂടെ കടന്നുപോകേണ്ട കാര്യമില്ല. അന്നുണ്ടായതിനെപ്പറ്റി ഒരു കാര്യവും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
