Connect with us

Crime

കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ഥിനികളുടെ പീഡന പരാതി; കെട്ടിച്ചമച്ച കേസെന്ന് കോടതി: പരാതി തയ്യാറാക്കിയത്സിപിഎം ഓഫീസില്‍

Published

on

തൊടുപുഴ: പരീക്ഷാഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിൽ ഒരുപതിറ്റാണ്ടിന് ശേഷം അധ്യാപകൻ കുറ്റവിമുക്തൻ. മൂന്നാർ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. രാഷ്‌ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. പോലീസിനെതിരെയും വിമർശനമുണ്ടായി.

സംഭവത്തെക്കുറിച്ച ആനന്ദ് വിശ്വനാഥ് പറയുന്നതിങ്ങനെ:

 
05/09/2014ന് നടന്ന പരീക്ഷയുടെ അവസാനത്തെ മിനിറ്റിലാണ് ഞാന്‍ ഹാളിനകത്ത് കയറിയപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. പിടിച്ച് അപ്പോള്‍ തന്നെ ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തു. പതിനാറാം തീയതിയാണ് അറിയുന്നത്.എനിക്കെതിരായിട്ട് ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ചാണ് പരാതി എഴുതപ്പെട്ടത്. അത് ഈ കുട്ടികള്‍ തന്നെ കോടതിയില്‍ നല്‍കിയ മൊഴിയാണ്. എ ടു സെഡ് വരെ തീരുമാനിച്ചത് സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ചാണ്. എസ്എഫ്‌ഐക്കാരെല്ലാം കൂടി ചേര്‍ന്നുണ്ടാക്കിയ നാടകമാണിത്. എല്ലാ തലത്തിലും എന്നെ അവര് പോയ്ന്റ് ഔട്ട് ചെയ്ത് എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കേസാണ് ഇത് – അദ്ദേഹം പറഞ്ഞു.

2014-ലാണ് കേസിന് ആസ്പദമായ സംഭവം. ഓഗസ്റ്റ് 27-നും സെപ്റ്റംബർ അഞ്ചിനുമിടയിൽ കോളേജിൽ നടന്ന എം.എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാർഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടി. പിന്നാലെ, സംഭവം സർവകലാശാലക്ക് റിപ്പോർട്ട് ചെയ്യാൻ പരീക്ഷ നിരീക്ഷകനെ ചുമതലപ്പെടുത്തി. എന്നാൽ, പരീക്ഷ നിരീക്ഷകൻ നിർദേശം അനുസരിച്ചില്ല.

പ്രൊഫസർ പരീക്ഷാഹാളിൽ വെച്ച് തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, ലൈംഗീക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ നാല് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇതിൽ രണ്ടുകേസിൽ ആനന്ദ് വിശ്വനാഥനെ കോടതി വെറുതെവിട്ടു. എന്നാൽ, മറ്റ് രണ്ടു കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. കോടതിവിധിക്കെതിരെ ആനന്ദ് വിശ്വനാഥൻ 2021-ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. തുടർന്ന്, കേസിൽ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് നീരീക്ഷിച്ച കോടതി ആനന്ദിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

Continue Reading