Crime
സ്വര്‍ണപ്പാളി ഇളക്കി കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനെയും ശബരിമല തന്ത്രിയേയും അറിയിക്കാതെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ഇളക്കി കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ വിരമിച്ച ജില്ലാ ജഡ്ജി അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അന്വേഷണ വിവരങ്ങൾ രഹസ്യമായിരിക്കണം. വിശദാംശങ്ങൾ ആരെയും അറിയിക്കരുതെന്നും കോടതി ഉത്തരവിട്ടു. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ഇളക്കി കൊണ്ടുപോയത് വിവാദമായതോടെയാണ് താന്‍ നല്‍കിയ സ്വര്‍ണപീഠവും കാണാനില്ലെന്ന വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോള്‍ മൂന്ന് പവന്‍ സ്വര്‍ണം പൂശിയ പീഠം നിര്‍മിച്ചു നല്‍കി എന്നായിരുന്നു വെളിപ്പെടുത്തല്‍.
എന്നാല്‍ ശില്‍പവും പീഠവും തമ്മില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് തന്നെ അറിയിച്ചുവെന്നും വഴിപാടായി സമര്‍പ്പിച്ചതിനാല്‍ പീഠം തിരികെ ചോദിച്ചില്ലെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞത്. ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോള്‍ പീഠത്തെക്കുറിച്ച് ദേവസ്വത്തില്‍ തിരക്കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പ് പാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ ഘട്ടത്തില്‍ തന്നെ പീഠം നിര്‍മാണവും ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠവും നിര്‍മിച്ചത്. മൂന്ന് പവന്‍ സ്വര്‍ണവും മറ്റുലോഹങ്ങളും കൂട്ടിച്ചേര്‍ത്തായിരുന്നു നിര്‍മാണം. കൊവിഡ് നിയന്ത്രണമുള്ള സമയമായതിനാല്‍ പീഠം ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിച്ചുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു സ്‌പോണ്‍സറുടെ നിലപാട്.
