Crime
പീരുമേട് തിരഞ്ഞെടുപ്പ് കേസ്: സിറിയക് തോമസിൻ്റെ ഹര്‍ജിയിൽ പുതിയ നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: പീരുമേട് തിരഞ്ഞെടുപ്പ് കേസില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയക്കുന്നത്. പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി.
തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സിറിയക് തോമസിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് വാഴൂര്‍ സോമന്‍ അന്തരിച്ചത്. ഈ സാഹചര്യത്തിലാണ് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 116-ാം വകുപ്പ് പ്രകാരം വാഴൂര്‍ സോമന്‍ ഒഴികെയുള്ള കേസിലെ മറ്റ് നാല് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കേസിലെ എതിര്‍കക്ഷികളായ എസ്. രാജന്‍, ബിജു തോമസ്, ഗോപാലകൃഷ്ണന്‍, സോമന്‍ കുഞ്ഞുകുഞ്ഞു എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് നിര്‍ദേശം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഈ നാല് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നത് പുറമെ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 116 വകുപ്പ് പ്രകാരം കേസില്‍ മറ്റാരെങ്കിലും നിയമപരമായി കക്ഷി ചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നറിയാനായി പൊതു നോട്ടീസ് ഇറക്കാനും സുപ്രീം കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി.
