KERALA
സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ദേവസ്വം ബോര്‍ഡ് ഉന്നതരിലേക്ക്പ്രധാന സൂത്രധാരന്‍ പോറ്റി തന്നെ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ദേവസ്വം ബോര്‍ഡ് ഉന്നതരിലേക്ക് . 2019-2025 കാലയളവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) അന്വേഷണം ആരംഭിച്ചു. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, 2019-ലെ പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് എസ്‌ഐടി വിശദമായി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് അന്വേഷണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരിലേക്കും നീളുന്നത്.
രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി എസ്‌ഐടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019-ല്‍ സ്വര്‍ണക്കൊള്ള നടന്നു എന്നും 2025-ല്‍ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നുമാണ് കോടതി നിരീക്ഷിച്ചത്.
പ്രധാന സൂത്രധാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണം എത്തിനില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണം കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ബോര്‍ഡ് ഉന്നതര്‍ക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണ്. ഇതിനായി എസ്‌ഐടി ദേവസ്വം ബോര്‍ഡിലെ മിനിറ്റ്‌സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണപ്പാളി കൊണ്ടുപോകാനുള്ള ശുപാര്‍ശകളും കത്തിടപാടുകളും ദേവസ്വം ബോര്‍ഡിലേക്കാണ് വന്നത്. മുരാരിബാബു അടക്കമുള്ളവരുടെ കത്തുകള്‍ വന്നപ്പോള്‍ ബോര്‍ഡ് എന്ത് തീരുമാനമെടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാടാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. 2019-ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ ഉടന്‍ തന്നെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും എന്ന സൂചനയുണ്ട്
