Connect with us

HEALTH

അർബുദ മനഃശാസ്ത്രത്തിൽ ചിട്ടയായ പരിശീലനം നൽകുന്ന ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് മലബാർ കാൻസർ സെൻറർ ” – ഡോ. സുരേന്ദ്രൻ വീരയ്യ

Published

on

കണ്ണൂർ : അർബുദ മനഃശാസ്ത്രത്തിൽ ചിട്ടയായ പരിശീലനം ഈ കാലഘട്ടത്തിൻറെ ഒരു പ്രധാന ആവശ്യമാണെന്നും അർബുദ മനഃശാസ്ത്രത്തിൽ ചിട്ടയായ പരിശീലനം നൽകുന്ന ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് മലബാർ കാൻസർ സെൻറർ എന്നും ചെന്നൈ അടയാർ കാൻസർ സെൻറർ സൈക്കോ ഓങ്കോളജി വിഭാഗം മേധാവിയും ഇന്റർനാഷണൽ സൈക്കോ ഓങ്കോളജി സൊസൈറ്റിയുടെ ആഫ്രിക്ക,മിഡിൽ ഈസ്റ്റ് , ഇന്ത്യ,റഷ്യ മേഖല ഡയറക്ടറുമായ ഡോ. സുരേന്ദ്രൻ വീരയ്യ അഭിപ്രായപ്പെട്ടു. മലബാർ കാൻസർ സെൻറെർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് സൈക്കോ ഓങ്കോളജി വിഭാഗം സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസിൻറെ ഉദ്‌ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈക്കോ ഓങ്കോളജി ഇടപെടലുകൾ കാൻസർ രോഗചികിത്സയിൽ വളരെ പ്രാധാന്യമുള്ളതാണെന് മലബാർ കാൻസർ സെന്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. കോൺഫറൻസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു.. കാൻസർ രോഗബാധിതരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്ന ഇടപെടലുകളെക്കുറിച്ചാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. കാൻസറിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന രോഗികളുടെ വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ അഭിസംബോധന ചെയ്യുന്ന സമഗ്രമായ ആരോഗ്യസംരക്ഷണത്തിന്റെ നിർണ്ണായക ഭാഗമാണ് സാമൂഹിക മാനസിക പരിചരണം. കാൻസർ ചികിത്സയിൽ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും മാനസിക സാമൂഹിക ക്ഷേമത്തിന്റെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്നത്തിനായി വിവിധ സെഷനുകൾ നടന്നു. ഓരോ സെഷനും കാൻസർ സാമൂഹിക മാനസിക പരിചരണ മേഖലയിൽ പ്രാവീണ്യം നേടിയ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള പ്രമുഖ വ്യക്തികളാണ് കൈകാര്യം ചെയ്തത്.

ഡോ. ശുഭത്ര ജയറാം (ബഹറിൻ ഓങ്കോളജി സെന്റർ), ഡോ. സവിത ഗോസ്വാമി (ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ), ഡോ. മഹതി ചിറ്റെം (ഐ. ഐ. ടി ഹൈദരാബാദ്), ഡോ. ശ്വേത ചവക് (ഐ. ഐ. ടി. മുംബൈ), ഡോ. ഗാർഗി എസ്. കുമാർ (നിംഹാൻസ് – ബാംഗ്ലൂർ), ഡോ. അനീഷ്‌ കെ. ആർ (രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, എറണാകുളം), ഡോ. രാഗേഷ് ജി (ഇമ് ഹാൻസ്, കോഴിക്കോട്) തുടങ്ങിയ പ്രമുഖർ സെഷനുകൾ നയിച്ചു. കോൺഫറൻസിന്റെ ഭാഗമായി കോഗ്നിറ്റിവ് ബിഹേവിയർ തെറാപ്പി, പുകയില വർജ്ജന ഇടപെടലുകൾ, ക്വാളിറ്റേറ്റീവ് റിസർച്ച് റൈറ്റിങ്, കാൻസർ ജനറ്റിക് കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ വർക്ക് ഷോപ്പും നടത്തപ്പെട്ടു.കോൺഫറൻസിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുക്കുന്നവരുടെ പേപ്പർ പോസ്റ്റർ അവതരണവും നടത്തപ്പെട്ടു.

Continue Reading