HEALTH
ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ എയിംസ് ആവശ്യമാണെന്നു ഹൈക്കോടതി
കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നത് മുൻഗണനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ് പ്രഥമപരിഗണനയെന്നും കേരളം ആരോഗ്യമേഖലയിൽ മുന്നിലാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. എന്നാൽ, കേരളം ആരോഗ്യരംഗത്ത് മുന്നിലായതാണോ അയോഗ്യതയ്‌ക്ക് കാരണമെന്ന് ഹൈക്കോടതി വിമർശിച്ചു.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ ചോദ്യം ചെയ്‌ത് കാസർകോടുള്ള കൂട്ടായ്‌മയാണ് ഹർജി നൽകിയത്. ഇതിന്റെ ഭാഗമായി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ കേന്ദ്രസർക്കാർ നിലപാട് ആവർത്തിക്കുകയായിരുന്നു. 2030-31 ലെ പിഎംഎസ്‌എസ്‌വൈ പദ്ധതിക്ക് അംഗീകാരം കിട്ടിയാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു ആലോചന നടത്താൻ കഴിയുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അതേസമയം, ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ എയിംസ് ആവശ്യമാണെന്നും സംസ്ഥാനത്തിന് അതിനുള്ള അർഹതയുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
