Connect with us

Crime

മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ്: ഇയാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജമ്മു-കശ്മീര്‍, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയതെന്ന വിവരമാണ് അന്വേഷണോദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ചാവേറെന്ന് സംശയിക്കുന്ന ഡോക്ടർ ഉമര്‍ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്ഫോടനം ഉണ്ടായത്. ഇതിന് മുമ്പായി കാര്‍ മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തതിന്റേയും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിര്‍മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കള്‍ ഇവരില്‍നിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് എന്നാണ് പോലീസ് സംശയിക്കപ്പെടുന്നത്.

Continue Reading