Connect with us

Crime

തൊണ്ടിമുതൽ തിരിമറി കേസ്: മുന്‍ മന്ത്രി ആന്റണി രാജുവിന് തടവുശിക്ഷ; എംഎൽഎ സ്ഥാനം തെറിക്കും

Published

on

തൊണ്ടിമുതൽ തിരിമറി കേസ്: മുന്‍ മന്ത്രി ആന്റണി രാജുവിന് തടവുശിക്ഷ; എംഎൽഎ സ്ഥാനം തെറിക്കും

തിരുവനന്തപുരം∙ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍
മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനും കോടതി ജീവനക്കാരനായ ജോസിനും  3 വർഷം തടവ്. ഗൂഢാലോചനയ്ക്ക് 6 മാസവും ശിക്ഷ വിധിച്ചു. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമാകും. അപ്പീൽ നൽകാനായി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു.


1990 ഏപ്രില്‍ 4ന്  തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു.

സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാന്‍ തൊണ്ടിയിലെ അളവു വ്യത്യാസം നിര്‍ണായകമായി. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു. 

Continue Reading