KERALA
ജോസിനെ കൂടെ നിർത്താൻ കെ.എം. മാണി സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി
തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ.എം. മാണിയുടെ പേരിൽ സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരള കോൺഗ്രസ് (എം) മുന്നണി വിടുമെന്ന വാർത്തക്കിടെയാണ് മാണിയുടെ സ്മാരകത്തിന് ഭൂമി വിട്ട് നൽകിയത്
കെ എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി, കെ. എം. മാണി ഫൗണ്ടേഷന് തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്. ആർ. ഒന്നിന് 100 രൂപ നിരക്കിൽ 30 വർഷത്തേക്ക് ഭൂമി പാട്ടത്തിനു നൽകും.
കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തലശ്ശേരി വാടിക്കൽ 1.139 ഏക്കർ ഭൂമിയിലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ ഭൂമി പാട്ടത്തിന് നൽകും. പ്രതിവർഷം ആർ ഒന്നിന് നൂറുരൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസിന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകുക.
