KERALA
താൻ പറഞ്ഞത് വളച്ചൊടിച്ചു : ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്.
തിരുവനന്തപുരം: ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്‌ട്രീയമാണെന്നതടക്കമുള്ള വിവാദ പ്രസ്താവനകളിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞത് വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം മേഖല ലീഗും ഹിന്ദു മേഖല ബിജെപിയും നയിക്കുന്നുവെന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
‘ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ ആകെ 39 സീറ്റുണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് രണ്ട് സീറ്റ് ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിള്ളൂ. കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ല’- മന്ത്രി പറഞ്ഞു.
