Crime
കേസ് ഒത്തു തീർപ്പാക്കാൻ പണം നൽകിയെന്ന ആരോപണം;ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു
കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി എസ് സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചേലാട് സ്വദേശിയായ ആറ്റുപുറത്ത് ജോർജിന്റെ മകൻ കാസർകോട് ഒരു ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നേരിട്ടിരുന്നു. ജോർജിന്റെ മകന്റെ അക്കൗണ്ട് വഴി തട്ടിപ്പ് പണം പിൻവലിച്ചു എന്നതായിരുന്നു ആരോപണം. ഈ കേസിൽ നിന്നും, ബെംഗളൂരുവിൽ നിന്നുള്ള മറ്റൊരു കേസിൽ നിന്നും ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയത്.പല തവണകളായി 9,74,000 രൂപ നേതാക്കൾ കൈപ്പറ്റിയെന്നാണ് ജോർജ് പരാതി നൽകിയിരിക്കുന്നത്
കേസ് ഒത്തുതീർക്കാൻ ബിജെപി പ്രാദേശിക നേതാക്കൾ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് പാർട്ടി ഓഫീസിനു മുന്നിൽ ആത്മഹത്യാഭീഷണിയുമായി കുടുംബം കഴിഞ്ഞ ദിവസം എത്തിയിരുന്നു. കന്നാസിൽ പെട്രോളുമായി തിങ്കളാഴ്ച രാവിലെ ബിജെപി കോതമംഗലം മണ്ഡലം ഓഫീസിനു മുന്നിൽ ജോർജും ഭാര്യയും ജോർജിന്റെ സഹോദരൻ ബിജെപി മുനിസിപ്പൽ വെസ്റ്റ് ഏരിയ പ്രസിന്റുമായ എൽദോസും എത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. ജോർജ് എത്തുമ്പോൾ ആരോപണവിധേയരായ നേതാക്കൾ ഓഫീസിനുസമീപം ഉണ്ടായിരുന്നു. അവരുമായി വാദപ്രതിവാദവും ഉണ്ടായി. പോലീസ് അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ജോർജിന്റെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കളുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞ ശേഷമാണ് ഇവർ പിരിഞ്ഞ് പോയത്
