Crime
ശബരിമല സ്വർണ്ണ കവർച്ച : ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് ജാമ്യം
കൊല്ലം: ശബരിമല സ്വർണം കവർച്ച കേസിൽ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇക്കാരണത്താൽ സ്വാഭാവികജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസം കോടതി ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടു. തുടർന്ന് വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം.
ദ്വാരപാലകശിൽപത്തിലെ പാളികളിൽനിന്ന് സ്വർണം മാറ്റിയ കേസിലാണ് പോറ്റി ആദ്യം അറസ്റ്റിലായിരുന്നത്. കേസിൽ ജനുവരി 21-ന് സ്വാഭാവികജാമ്യം ലഭിച്ചിരുന്നു. ഇരു കേസുകളിലും ജുഡീഷ്യൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് പോറ്റിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർക്കാണ് നേരത്തേ ജാമ്യം ലഭിച്ചത്. മുരാരി ബാബുവിനും സുധീഷിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
