Connect with us

Crime

മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് തങ്ങളുടെ വാദം ശരിവെക്കാൻ ഒരു കീറ കടലാസ് പോലും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി

Published

on

മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് തങ്ങളുടെ വാദം ശരിവെക്കാൻ ഒരു കീറ കടലാസ് പോലും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി

കല്പറ്റ: മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. അഗസ്റ്റിൻ സഹോദരങ്ങൾ ഉന്നയിച്ച വാദങ്ങളൊന്നും കോടതിയിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തിലും നടപടികളിലും വനംവകുപ്പിന്റെ നിലപാടുകൾ ശരിവെച്ചു. പിടിച്ചെടുത്ത തടികൾ സർക്കാരിന്റേതല്ല എന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

വനവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്ത് പറഞ്ഞ കോടതി
പിടിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾ വനവിഭവമാണോ എന്ന് തീരുമാനിക്കാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം നിലവിലുള്ള നിയമങ്ങളെ സംബന്ധിച്ചുള്ളതാണ്. നാട്ടിലെ നിയമങ്ങളെ സർക്കാർ ഉത്തരവുകൾ കൊണ്ടോ സർക്കുലറുകൾ കൊണ്ടോ മറികടക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ജയതിലക് ഇറക്കിയ വിവാദ സർക്കുലർ ഉപയോഗിച്ചാണ് പ്രതികൾ മരംമുറി നടത്തിയത്. എന്നാൽ ഇത്തരം സർക്കുലറുകൾക്ക് നിയമപരമായ സാധുതയേക്കാൾ മുകളിൽ നിൽക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.

‘സൂര്യ ടിമ്പേഴ്‌സ്’ എന്ന പേരിൽ തടിക്കച്ചവടം നടത്താൻ തങ്ങൾക്ക് ലൈസൻസ് ഉണ്ടെന്നായിരുന്നു പ്രതികളുടെ മറ്റൊരു വാദം. എന്നാൽ, ഇതിനാവശ്യമായ വനംവകുപ്പിന്റെ പ്രോപ്പർട്ടി മാർക്ക് രജിസ്‌ട്രേഷനോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഈട്ടിത്തടികൾ കണ്ടുകെട്ടിയ ഡി.എഫ്.ഒയുടെ നടപടി നിയമപരവും മുൻകാല കോടതി വിധിന്യായങ്ങൾക്ക് അനുസൃതവുമാണെന്ന് കോടതി വിധിച്ചു.

തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഡി.എഫ്.ഒ നോട്ടീസ് നൽകിയിട്ടില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. ഹിയറിങ്ങിനായി പലതവണ നോട്ടീസ് നൽകിയിട്ടും പ്രതികൾ ഹാജരാവുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്നും  കോടതി വിധി ന്യായത്തിൽ പറഞ്ഞു

Continue Reading