KERALA
പിണറായി മത്സരിക്കുമോയെന്ന് നാളെ അറിയാം : കാരായി തലശ്ശേരിയിൽ മധുസൂധനൻ പയ്യന്നൂരിലും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പൊളിറ്റ് ബ്യുറോ അംഗങ്ങളായ പിണറായി വിജയനും, എ വിജയരാഘവനും മത്സരിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടായേക്കും. ഡൽഹിയിൽ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗം തീരുമാനമെടുക്കും
ചുരുങ്ങിയത് നാല് മുതിർന്ന അംഗങ്ങൾ എങ്കിലും മത്സരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
തുടർ ഭരണം എന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയതാണ്. പിണറായി വിജയൻ സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്. രണ്ടാമത് ഒരു പൊളിറ്റ് ബ്യുറോ അംഗം കൂടി മത്സരിക്കാൻ തീരുമാനിച്ചാൽ എ വിജയരാഘവൻ ജനവിധി തേടാൻ ഇറങ്ങും. വിജയരാഘവനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ മലമ്പുഴ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ ഒന്നിലാകും ജനവിധി തേടുക.
സിപിഎം സംസ്ഥാന സെക്രട്ടറിയും, പൊളിറ്റ് ബ്യുറോ അംഗവുമായ എം വി ഗോവിന്ദൻ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ല. എന്നാൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ മത്സര രംഗത്ത് ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവർ വീണ്ടും ജനവിധി തേടും. തോമസ് ഐസക് (അരൂർ), സി എസ് സുജാത (കായംകുളം), എന്നിവരുടെ പേരും സജീവമായി പാർട്ടി പരിഗണിക്കുന്നുണ്ട്. പി സതീ ദേവിയുടെ പേരും സജീവ ചർച്ചയിൽ ഉണ്ട്. കെ.കെ ശൈലജ മട്ടന്നൂർ വിട്ട് മറ്റൊരു മണ്ഡലത്തിൽ ജന വിധി തേടും. മട്ടന്നൂരിൽ വി.കെ സനോജിൻ്റെ പേരിനാണ് പ്രഥമ പരിഗണന. തലശ്ശേരിയിൽ കാരായി രാജനും പയ്യനൂരിൽ ടി. ഐ മധുസൂധനനും ജനവിധി തേടിയേക്കും. തളിപ്പറമ്പിൽ എം.വി ഗോവിന്ദൻ്റെ ഭാര്യ ശ്യാമളയെ രംഗത്തിറക്കാനാണ് തീരുമാനം
