Connect with us

KERALA

ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.

Published

on

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിൽ പിന്തുണ തേടുന്നതിന് വേണ്ടിയാണ് സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുധാകരൻ പെരുന്നയിലേക്ക് പോകുമെന്നാണ് വിവരം. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, സിപിഎമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. എച്ച്‌ സലാമാണ് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.
സിപിഎമ്മിൽ നിന്നുള്ള അവഗണനയെ തുടർന്നാണ് സുധാകരൻ പാർട്ടിവിട്ടത്. അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് എൽഡിഎഫിനും സിപിഎമ്മിനും തിരിച്ചടിയാണ്. സുധാകരൻ സിപിഎം വിട്ടതിന് പിന്നാലെ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് അന്ന് പ്രഖ്യാപിച്ചിരുന്നില്ല. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിലാണ് യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയാകുന്നത്. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്. എന്നാൽ അമ്പലപ്പുഴയിൽ സുധാകരനെതിരെ വ്യാപക വിമർശനമാണ് സിപിഎം അഴിച്ചുവിടുന്നത്.
അതേസമയം, സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന ചോദ്യം ജി സുധാകരൻ ഇന്നലെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയാകമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തെയും രാഷ്ട്രീയ വിശദീകരണ യോഗത്തെയും കുറിച്ച് എഴുതിയ പോസ്റ്റിലാണിത്.

Continue Reading