KERALA
റിപ്പോർട്ടർ ടിവിക്കെതിരെ കേസ് : കെ.മുരളീധരനെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിലാണ് കേസ്
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടർ ടിവിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കുന്നു എന്ന തരത്തിൽ വാർത്ത നൽകിയതിനെത്തുടർന്നാണ് നടപടി. തൊഴിലാളികളെ വിതരണം ചെയ്യുന്ന ഒരു മൊബൈൽ ആപ്പിൽ, മുരളീധരന്റെ റാലിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ 20 പേരെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയെന്നായിരുന്നു റിപ്പോർട്ടർ ചാനൽ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇത്തരമൊരു പരസ്യം താൻ നൽകിയിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം നടത്തിയ നീക്കമാണിതെന്നും മുരളീധരൻ ആരോപിച്ചു.
വിഷയത്തിൽ മുരളീധരൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനുമാണ് മുരളീധരൻ പരാതി നൽകിയത്. കലാപശ്രമത്തിന് ഭാരതീയ ന്യായ സംഹിത 192-ാം വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിജിപിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സിറ്റി സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തനിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുരളീധരൻ പരാതിയിൽ പറയുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന ഭീതിയെത്തുടർന്നാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം. ഈ പരസ്യം ആപ്പിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നും ഇതിനുപിന്നിൽ മറ്റ് നീക്കങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കും. വാർത്തയുടെ ഉറവിടം സംബന്ധിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. റിപ്പോർട്ടർ ചാനൽ നൽകിയ വാർത്തയ്ക്ക് പിന്നാലെ ഇടതുമുന്നണി വൃത്തങ്ങളിൽ നിന്ന് മുരളീധരനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ വന്നിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനായി ചാനലിനെ മറയാക്കി ഗൂഢാലോചന നടത്തിയെന്നാണ് മുരളീധരൻ വിശ്വസിക്കുന്നത്.
