KERALA
സ്വർണ്ണം കട്ടവനാരപ്പ എന്ന് പാടി രാഹുലിൻ്റെ പ്രസംഗം :’എനിക്കെതിരേ 36 കേസ്, 55 മണിക്കൂർ ചോദ്യംചെയ്തു; പക്ഷേ, കേരള മുഖ്യമന്ത്രിയെ ബിജെപി ആക്രമിക്കുന്നില്ലെന്നും രാഹുൽ
പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡി എഫിന് ആവേശം നൽകി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. സ്വർണ്ണം കട്ടവ നാരപ്പാ എന്ന പാരഡി ഗാനവും രാഹുൽ പാടി. ശബരിമല വിഷയവും സിപിഎം-ബിജെപി ഡീൽ ആരോപണവും അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹം പൊതുസമ്മേളനത്തിൽ സംസാരിച്ചത്. കേരളത്തിൽ ഒരുവശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നിട്ടും ശബരിമലയിലെ കാര്യങ്ങൾ അദ്ദേഹം മറന്നുപോയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കനത്തചൂടിലും തന്നെ കേൾക്കുന്നതിനായി ഇവിടെ എത്തിയതിന് എല്ലാവർക്കും നന്ദിപറഞ്ഞാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ‘ഇവിടെ ഒരുവശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണ്. ഇവിടെ യുഡിഎഫ് അധികാരത്തിൽവരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. കാരണം, രാജ്യത്ത് തങ്ങളെ വെല്ലുവിളിക്കുന്ന ഏകശക്തി കോൺഗ്രസ് പാർട്ടിയാണെന്ന് അവർക്കറിയാം. ദേശീയ തലത്തിൽ എൽഡിഎഫിന് ഒരിക്കലും തങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് ബിജെപി മനസിലാക്കുന്നു. തങ്ങൾ ഡൽഹിയിൽ അധികാരത്തിലിരുന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാരും തങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്നും അവർക്കറിയാം.
എന്റെ പേരിൽ 36 കേസുകളുണ്ട്, 55 മണിക്കൂർ തുടർച്ചയായി എന്നെ ചോദ്യംചെയ്തു. കേരള മുഖ്യമന്ത്രിയെ ബിജെപി ആക്രമിക്കുന്നില്ല എന്നതിന്റെ ആദ്യ തെളിവാണിത്. എൽഡിഎഫ് നേതൃത്വം അഴിമതി നിറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം, കേസുകൾ നടക്കുന്നുണ്ട്, പക്ഷേ ബിജെപിയിൽനിന്ന് അവർക്ക് യാതൊരു സമ്മർദ്ദവുമില്ല. ബിജെപിയിൽനിന്ന് ചോദ്യം ചെയ്യലുകളോ ഭീഷണികളോ അവർ നേരിടുന്നില്ല, രാഹുൽ ചൂണ്ടിക്കാട്ടി.
‘പ്രധാനമന്ത്രി ഇവിടെ വന്നു, അദ്ദേഹം ശബരിമലയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറന്നുപോയിരിക്കുന്നു. ബിജെപിക്ക് ദോഷം സംഭവിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനാൽ ഏറ്റവും വിശുദ്ധമായ ക്ഷേത്രത്തിന് നേരെ നടന്ന കുറ്റകൃത്യത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. ഇത് രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്, ഒന്ന് ബിജെപിയും എൽഡിഎഫും ഒന്നിച്ചു ചേർന്നിരിക്കുന്നു. രണ്ടാമതായി, നരേന്ദ്ര മോദിക്ക് മതം, ഹിന്ദുമതം അല്ലെങ്കിൽ ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു കരുതലുമില്ല’, രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
