Connect with us

Crime

ശ്രീനന്ദയ്‌ക്കായുള്ള തെരച്ചിൽ ഇന്നും തുടരുന്നുതട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയം

Published

on

ശ്രീനന്ദയ്‌ക്കായുള്ള തെരച്ചിൽ ഇന്നും തുടരുന്നു
തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയം

ബംഗളൂരു: കർണാടകത്തിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്‌ക്കായുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂർ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ആ ദിശയിലും അന്വേഷണം നടക്കുന്നുണ്ട്. മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ചിക്കമംഗളൂരുവിൽ തന്നെ തുടരുകയാണ് മാതാപിതാക്കൾ.

ചൊവ്വാഴ്‌ച വൈകിട്ട്‌ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്‌പെഷ്യൽ ഫോഴ്‌സാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. പരിശോധന നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തെരച്ചിൽസംഘം.
മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന കടുത്ത ആശങ്കയിലാണ് ശ്രീനന്ദയുടെ അമ്മ. ചിക്കമഗളൂരുവിൽ ഇറങ്ങിയപ്പോൾ തന്നെ ആരെങ്കിലും കുട്ടിയെ ലക്ഷ്യം വച്ചതാകാമെന്നും ഒറ്റയ്‌ക്കായ നിമിഷത്തിൽ ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങളുൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading