Connect with us

KERALA

പുതിയ സർക്കാർ അധികാരമേറ്റെടുക്കും മുന്നേ സെക്രട്ടേറിയറ്റിലെ വിവിധ ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു

Published

on

.

തിരുവനന്തപുരം : പുതിയ സർക്കാർ അധികാരമേറ്റെടുക്കും മുന്നേ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്‌ഷനുകളിലെയും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു. സാധാരണ അനാവശ്യമായ കടലാസുകൾ നശിപ്പിക്കുന്ന പതിവുണ്ടെങ്കിലും കൂട്ടത്തോടെ വൻതോതിലുള്ള നശിപ്പിക്കൽ അസാധാരണമാണെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ പറയുന്നു.

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ ആരംഭിച്ച നടപടി വോട്ടെടുപ്പ് ഫലം പുറത്തുവന്നതോടെ വേഗത കൂട്ടുകയായിരുന്നു .ഓഫിസുകളിൽനിന്നു ശേഖരിച്ച് ചീഫ് സെക്രട്ടറിയുടെ മുറിക്കു സമീപമുള്ള ഷ്രെഡ്ഡിങ് റൂമിലേക്കു മാറ്റിയ ഫയലുകൾ മെഷീൻ ഉപയോഗിച്ചു തുണ്ടുകളാക്കിയാണ് നീക്കം ചെയ്യുന്നത്. ഈ നടപടി ഇന്നു പൂർത്തിയാകും. മന്ത്രിമാരും പഴ്സനൽ സ്റ്റാഫും നടത്തിയ കത്തിടപാടുകൾ, വിശദാംശങ്ങൾ പുറത്താകാതിരിക്കാൻ ഇ–ഓഫിസ് സംവിധാനം ഒഴിവാക്കി നടത്തിയ കടലാസ് ഫയൽ നീക്കങ്ങൾ, കുറിപ്പുകൾ, അനുബന്ധ രേഖകൾ, ഒഴിവാക്കിയ കടലാസുകൾ തുടങ്ങിയവയാണ് നശിപ്പിക്കുന്നത്.

ഒരു സർക്കാർ മാറി അടുത്ത സർക്കാർ അധികാരത്തിലെത്തുന്നതു വരെ ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല വകുപ്പു സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറിക്കുമാണ്. എന്നാൽ, വളരെ പ്രധാനപ്പെട്ട ഫയലുകളിൽ ഒരു പങ്ക് വോട്ടെടുപ്പിനു പിന്നാലെ തന്നെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ സെക്രട്ടേറിയറ്റിൽനിന്നു നീക്കിയിരുന്നു. ബാക്കിയുള്ള പ്രധാന ഫയലുകളാണ് ഇപ്പോൾ നശിപ്പിക്കുന്നത്. ഇ–ഓഫിസ് കാര്യക്ഷമമായ ശേഷം സെക്രട്ടേറിയറ്റിൽ കടലാസ് ഫയലുകൾ വളരെ കുറച്ചു മാത്രമേ ഉള്ളൂവെന്നും അവ നശിപ്പിക്കുന്നെങ്കിൽ സ്ഥലത്തില്ലാത്തതിനാൽ അക്കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് പൊതുഭരണ സെക്രട്ടറി കെ.ബിജുവിൻ്റെ പ്രതികരണം

വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയ്ക്കുള്ള കാലയളവിൽ ഇ–ഓഫിസ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതു ഡിജിറ്റൽ ഫയൽ നശിപ്പിക്കാനുള്ള നീക്കമാണെന്നും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയതോടെ പിൻവാങ്ങുകയായിരുന്നു.

Continue Reading