Connect with us

NATIONAL

തമിഴ്നാട്ടിൽ അനിശ്ചിതത്വം തുടരുന്നു; അണ്ണാ ഡിഎംകെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

Published

on

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ അനിശ്ചിതത്വം തുടരുന്നതിനിടെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. പുതുച്ചേരിയിലുള്ള റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. ‘ദി ഷോർ ട്രിഷം’ എന്ന റിസോർട്ടിൽ 20 മുറികളാണ് എംഎൽഎമാർക്കായി ബുക്ക് ചെയ്തിട്ടുള്ളത്.

പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കും എന്ന വാർത്തകൾ‍ വന്നതിന് പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ച് നിർ‌ത്താനുള്ള നീക്കം. പല എംഎൽഎമാരും ഇതിനോടകം പുതുച്ചേരിയിൽ എത്തിയെന്നും ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് സി.വി.ഷൺമുഖം പറഞ്ഞു.

ടിവികെയെ പിന്തുണയ്ക്കുമെന്ന നിലപാടുള്ള അണ്ണാ ഡിഎംകെയിലെ 15 എംഎൽമാരെയാണ് റിസോർട്ടിലേക്ക് മാറ്റിയത്. വിജയിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഇവർ നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു.

സിപിഐ സംസ്ഥാന നേതൃത്വത്തിനു ടിവികയോട് അനുകൂല നിലപാടാണെങ്കിലും തിരക്കിട്ട തീരുമാനം വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതേസമയം, ബിജെപി സാഹചര്യം മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങൾ സുചന നൽകുന്നു. ഭരണ പങ്കാളിത്തം, വർഗീയ പാർട്ടികളുമായി നിസ്സഹകരണം എന്നീ ഉപാധികളോടെയാണ് കോൺഗ്രസിന്റെ പിന്തുണ. 108 സീറ്റ് നേടിയ ടിവികെയ്ക്ക് നിലവിൽ കോണ്‍ഗ്രസിന്റെ 5 എംഎൽമാരുടെ പിന്തുണയുണ്ട്.

Continue Reading